കാസർകോട്: ഹർത്താൽ ദിനത്തിൽ ഉറൂസ് കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ അഞ്ചുപ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബംബ്രാണയിലെ സഞ്ജയ് (20), ആരിക്കാടി കോരിക്കണ്ടത്തെ നവീൻ റൈ (22), ബംബ്രാണ ചൂരിത്തടുക്കയിലെ രാജേഷ് (21), കോയിപ്പാടി കടപ്പുറത്തെ അഖിലേഷ് (21), കുമ്പളയിലെ ഓട്ടോഡ്രൈവർ കളത്തൂർ ചെക്ക് പോസ്റ്റിന് സമീപത്തെ പ്രവീൺ (36) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. ഇവരിൽ സഞ്ജയ്, രാജേഷ് എന്നിവർക്കെതിരെ കാപ്പ ചുമത്താൻ കുമ്പള സ്റ്റേഷൻ സി.ഐ കെ. പ്രേംസദൻ നടപടി തുടങ്ങി. സഞ്ജയിനെതിരെ നിലവിൽ നാല് കേസുകളുണ്ട്. രാജേഷ് മൂന്ന് അക്രമക്കേസുകളിലും പ്രതിയാണ്. ശബരിമല സംരക്ഷണസമിതി നടത്തിയ ഹർത്താലിനിടെയാണ് കുമ്പളയിലെ പള്ളി ഉറൂസ് കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം നടന്നത്.

റസ്റ്റ് ഹൗസിൽ മദ്യപാനം; പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കാസർകോട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കാസർകോട് ഗവ.റസ്റ്റ് ഹൗസിലെ വി.ഐ.പി മുറിയിൽ അനധികൃതമായി കയറിക്കൂടി മദ്യപിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കാസർകോട് പി ഡബ്ള്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ സീനിയർ ക്ലർക്ക് സാജൻ, ക്ലർക്ക് അഷ്മീർ, കൃത്യവിലോപം നടത്തിയ റസ്റ്റ് ഹൗസ് കെയർടേക്കർ പി.എം മനോജ്കുമാർ എന്നിവരെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിർദേശപ്രകാരം സസ്‌പെൻഡ് ചെയ്തത്. ഇവരോടൊപ്പം മദ്യപാനത്തിൽ പങ്കെടുത്ത കാസർകോട് റോഡ് വിഭാഗം ഡിവിഷണൽ അക്കൗണ്ടന്റ് അനിൽ ഷിബുവിനെ സസ്‌പെൻഡ് ചെയ്യാനും ധനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബർ 17 ന് കെയർടേക്കർ മനോജ്കുമാറിനെ ഭീഷണിപ്പെടുത്തിയ ശേഷം റസ്റ്റ് ഹൗസിലെ വി.ഐ.പി മുറി മദ്യപിക്കാൻ കൈവശപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ പരാതി. വിവരം മേലുദ്യോഗസ്ഥരെയോ പൊലീസിനെയോ അറിയിക്കാതിരുന്നതിനാലാണ് കെയർടേക്കറെയും സസ്‌പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച് ഡെപ്യുട്ടി ചീഫ് എൻജിനീയറുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്. അതേസമയം ഈ വിഷയം സംബന്ധിച്ച് കാസർകോട് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ, അസി. എൻജിനിയർ എന്നിവരുടെ വിശദീകരണം ഒരാഴ്ചയ്ക്ക് മുമ്പ് സർക്കാരിനു സമർപ്പിക്കണമെന്നും ഉത്തരവിൽ കെട്ടിട വിഭാഗം ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.