മട്ടന്നൂർ: മട്ടന്നൂരിൽ ടാക്‌സികൾ നിർത്താൻ സ്ഥലമില്ലാതായതോടെ ഡ്രൈവർമാർ സമരത്തിന് ഒരുങ്ങുന്നു. പഴയ സ്റ്റാൻഡിന്റെ സ്ഥലത്ത് നഗരസഭ വ്യാപാര സമുച്ചയം പണിയുകയും പകരം സംവിധാനം ഒരുക്കാൻ തയ്യാറാകാത്തതുമാണ് സമരത്തിന് കാരണം. സ്ഥിരമായ സ്റ്റാൻഡില്ലാത്തതിനാൽ 130 ഓളം ടാക്‌സികൾ ബസ് സ്റ്റാൻഡ്, ഐ.ബി. പരിസരം, മരുതായി റോഡ്, മാവേലി സ്‌റ്റോർ പരിസരങ്ങളിലാണ് നിർത്തിയിടുന്നത്. അതേസമയം റോഡരികിലെ വാഹനങ്ങൾ നീക്കാൻ പൊതുമരാമത്ത് വകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിലെ പഴയ വ്യാപാര സമുച്ഛയം പൊളിക്കുന്നിടത്ത് പാർക്കിംഗ് സൗകര്യം നൽകുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നതായി ഡ്രൈവർമാർ പറയുന്നു. എന്നാലിവിടെ സ്‌റ്റേജ് പണിയാനുള്ള നീക്കത്തിലാണ് നഗരസഭ. പൊലീസ് സ്‌റ്റേഷന്റെ പിന്നിലുള്ള സ്ഥലത്ത് ടാക്‌സി സ്റ്റാന്റിനും പഴം പച്ചക്കറി മാർക്കറ്റിനുമാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കുന്നു.
പടം: മാർക്കറ്റിന് മുന്നിലുള്ള ഓട്ടോകൾ.

വയോധികനെ സ്‌നേഹഭവനിലാക്കി
മട്ടന്നൂർ: വെള്ളിയാഴ്ച മട്ടന്നൂർ ബസ് സ്റ്റാൻഡിൽ അവശ നിലയിൽ കണ്ടെത്തിയ വയോധികനെ നാട്ടുകാർ പൊലീസ് സഹായത്തോടെ സ്‌നേഹഭവനിലാക്കി. വിരാജ്‌പേട്ടയിൽ നിന്നും ബസ് കയറ്റിവിട്ട കോട്ടയം സ്വദേശി കൃഷ്ണൻകുട്ടി (68) നെയാണ് മട്ടന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് 'അമ്മ' പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ ശുചിയാക്കി അറയങ്ങാട് സ്‌നേഹഭവനിലേക്കും മാറ്റിയത്. കോട്ടയത്തു നിന്ന് 40 വർഷം മുൻപാണ് വിരാജ്‌പേട്ടയിലേക്ക് കൃഷ്ണൻകുട്ടി കൂലിപ്പണിക്കായി പോയത്. നാടുമായി ഇപ്പോൾ ഒരു ബന്ധവുമില്ല. ഭാര്യയും മക്കളുമുണ്ടെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വയസായതോടെ പണി കുറയുകയും ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലുമായി. വിരാജ്‌പേട്ടയിൽ അലഞ്ഞ് തിരിയുന്നതിനിടെയാണ് ചിലർ സംഘടിച്ച് ബസ് കയറ്റിവിട്ടത്.