swami-sandheepanandhagiri
ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ചു സമരം നടത്തുന്നത് ഭക്തിയും വിശ്വാസവും ലവലേശമില്ലാത്തവരാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീംകോടതി വിധിയെ ചൊല്ലി കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനെതിരെ സമരം നടത്തുന്നതിനു പിന്നിലുള്ള അജണ്ട വേറെയാണ്. ഹിന്ദുമതത്തിന്റെ അടയാളങ്ങൾ പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ സമരം. ശബരിമല വിഷയത്തിൽ നടത്തുന്ന ഈ വിവാദങ്ങളുടെയും സമരങ്ങളുടെയും പിന്നിൽ വലിയ രാഷ്ട്രീയ ശക്തി സമാഹരണത്തിനുള്ള ദുഷ്ടലാക്കുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണം. അയ്യപ്പനെയും ഹിന്ദുമതത്തെയും അവഹേളിക്കുന്ന വിവാദങ്ങളും സമരവും അവസാനിപ്പിക്കണമെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന നവോത്ഥാന സദസിൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. പി. ജനാർദ്ദനൻ, കെ. കുഞ്ഞിരാമൻ, ഇ. പത്മാവതി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.കെ നിഷാന്ത്, സെക്രട്ടറി സി.ജെ സജിത്ത് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.