bjp-police
ശബരിമല കർമ്മ സമിതി കുമ്പള പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു.

കുമ്പള: മുഖ്യമന്ത്രി പിണറായി വിജയൻ അഭിനവ ഹിരണ്യ കശിപുവാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ശബരിമല കർമ്മ സമിതി കുമ്പള പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പൊലീസ് പിണറായിയുടെ ഹിഡൻ അജണ്ട നടപ്പിലാക്കാനാണ് പോകുന്നത്. ഭാരതത്തിലെ ഭരണഘടനയിൽ പൊലീസ് വകുപ്പിന് സ്റ്റാർ അനുവദിച്ചിട്ടുള്ളത് ജനങ്ങളുടെ സംരക്ഷണത്തിനാണെന്നും ഒരു വ്യക്തിയുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാനല്ലെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി, മണ്ഡലം വൈസ് പ്രസിഡന്റ് വിനോദൻ കടപ്പുറം, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം സെക്രട്ടറി മണികണ്ഠ റൈ, പവിത്രൻ പരവനടുക്കം തുടങ്ങിയവർ നേതൃത്വം നൽകി.

കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.രമേശ്, അയ്യപ്പ സേവാ സമാജം ജില്ലാ ജനറൽ സെക്രട്ടറി കെ.ജി ഹരീഷ്, കെ.ടി കാമത്, യുവമോർച്ച സംസ്ഥാന സെക്രട്ടറി എ.പി ഹരീഷ്, ജില്ലാ സെക്രട്ടറി അഞ്ജു ജോസ്റ്റി, കേശവ, കെ.ജി മനോഹരൻ, ശ്രീധരൻ ബെള്ളുർ തുടങ്ങിയവർ നേതൃത്വം നൽകി.