beerichery
ബീരിച്ചേരി റെയിൽവേ ഗേറ്റ്

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ - പയ്യന്നൂർ ദേശീയപാതയിൽ സുഗമമായ വാഹനഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലം പണിയുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 40.88 കോടി രൂപ റെയിൽവേ അനുവദിച്ച പദ്ധതിക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖ കിഫ്ബിക്ക് കൈമാറി. ഇത് കിഫ്ബി അംഗീകരിക്കുന്നതോടെ സ്വകാര്യവ്യക്തികളുടെ വസ്തുക്കളും കെട്ടിടങ്ങളും പൊന്നുംവിലയ്ക്ക് അക്വയർ ചെയ്യുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ സഹായവും മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് ലഭ്യമാക്കും. . ബീരിച്ചേരി റെയിൽവേ ഗേറ്റിൽ ഇരുവശങ്ങളിലും 95 സെന്റ് ഭൂമിയും 18 കെട്ടിടങ്ങളും പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. എട്ടുകോടി രൂപയോളം നഷ്ടപരിഹാരത്തിനായി വേണ്ടിവരും. സംസ്ഥാനത്ത് അനുമതി ലഭിച്ച 38 മേൽപ്പാലങ്ങളിൽ ആദ്യത്തേതാണ് ബീരിച്ചേരി മേൽപ്പാലം. ഡി.പി.ആർ തയ്യാറാക്കി കിഫ്ബിക്ക് കൈമാറിയതിനാൽ തുടർ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങുമെന്നാണ് സൂചന. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയോടെയാണ് മേൽപാലം പണിയുക. പദ്ധതി പൂർത്തിയായാൽ കാലങ്ങളായുള്ള തൃക്കരിപ്പൂർ നിവാസികളുടെ സ്വപ്നമാണ് യാഥാർഥ്യമാകുക.