തലശ്ശേരി: മലബാർ കാൻസർ സെന്ററിലേക്ക് ചികിത്സ തേടി തലശ്ശേരി റെയിൽവെ സ്റ്റേഷനിലെത്തുന്ന രോഗികൾക്കും സഹായികൾക്കുമായി സൗജന്യ യാത്രാ വാഹനം ആരംഭിച്ചു. അഞ്ച് തവണയാണ് രണ്ടാം പ്ലാറ്റ്ഫോം പരിസരത്ത് നിന്നും വാഹനം പുറപ്പെടുക. നിലവിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും വാഹന സൗകര്യം ഉണ്ടായിരുന്നു. ഇത് തീവണ്ടിയിലെത്തുന്നവർക്ക് പ്രയാസമാണെന്ന് കാട്ടി 'ദ ട്രൂത്ത്' സംഘടന കാൻസർ സെന്റർ ഭരണ സമിതിക്ക് നൽകിയ പരാതി പരിഗണിച്ചാണ് സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യത്തിന്റെ നടപടി.
വ്യാപാരികളുടെ കളക്ടറേറ്റ് മാർച്ച് 25ന്
കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ( ഹസൻകോയ വിഭാഗം) ജില്ലാ കമ്മിറ്റി 25 ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.റോഡ് വികസനത്തിന്റെയും മറ്റും പേരിൽ നിരാലംബരാകുന്ന വ്യാപാരികളുടെ പുനരധിവാസം ആവശ്യപ്പെട്ടാണ് മാർച്ച്.രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് കെ.ഹസൻകോയ മാർച്ച് ഉദ്ഘാടനം ചെയ്യും.പരിഹാരമുണ്ടാക്കാമെന്ന് പലതവണ അധികൃതർ വാഗ്ദാനം നൽകിയിട്ടും അവ പാഴ്വാക്കായി മാറിയെന്നും മറ്റ് വ്യാപാര സംഘടനകൾക്കൊപ്പം കൈകോർത്ത് പ്രക്ഷോഭത്തിന് ആലോചിച്ചു വരികയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി വി. കണ്ണൻ, പി.എ. ദേവസ്യ, അഹമ്മദ് പരിയാരം, സി. ബുഷറ എന്നിവർ സംബന്ധിച്ചു.
ടൂറിസം സാദ്ധ്യത തേടി ഏകദിന ശില്പശാല
പയ്യന്നൂർ: വരുമാനവും പാരിസ്ഥിതിക സുസ്ഥിരതയും ഉറപ്പാക്കി ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് പയ്യന്നൂർ നഗരസഭ ഏകദിന ശില്പശാല നടത്തി. കോഴിക്കോട് കബനി ട്രയിനിംഗ് ടീമിന്റെ നേതൃത്വത്തിൽ നഗരസഭ കോൺഫറൻസ് ഹാളിലാണ് ശില്പശാല നടന്നത്. ഹോം സ്റ്റേ നടത്തിപ്പുകാർ, ഗൈഡുകൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്ക് വേണ്ടിയായിരുന്നു ശില്പശാല. സി. കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ജ്യോതി, പി.വി. കുഞ്ഞപ്പൻ, വി. ബാലൻ, പി.പി. ദാമോദരൻ, കെ.ആർ. അജി പ്രസംഗിച്ചു.