തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പേ ആൻഡ് യൂസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കാതെ പാർക്കിംഗ് ഇപ്പോഴും സ്റ്റേഷൻ റോഡിലും പരിസരങ്ങളിലും. പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസ്സങ്ങൾ സൃഷ്ടിച്ചാണ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്ത് ബൈക്കുകൾ അടക്കം പാർക്ക് ചെയ്യുന്നത്.
റെയിൽവെയുടെ അനുമതിയോടെ തൃക്കരിപ്പൂർ റോട്ടറിയാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്. ബൈക്കുകൾക്ക് ആറു രൂപയും റിക്ഷകൾക്ക് 18 രൂപയും കാറുകൾക്ക് 20 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. ഇത് പിരിക്കാൻ കൂലിക്ക് ആളെ വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് അവഗണിച്ചാണ് പോസ്റ്റ് ഓഫീസ് പരിസരം, സെന്റ്പോൾസ് സ്കൂൾ റോഡ്, മിനി സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
മാസങ്ങൾക്ക് മുമ്പായി ഉദ്ഘാടനം ചെയ്ത പാർക്കിംഗ് സ്ഥലത്ത് ഇതിനിടെയാണ് ഫീസ് ഇടാക്കിത്തുടങ്ങിയത്. എന്നാൽ ഈ ഫീസ് കൊടുക്കാൻ വാഹന ഉടമകൾ തയ്യാറാക്കാത്തതാണ് പാർക്കിംഗ് ഏരിയയ്ക്ക് പുറത്ത് വാഹനങ്ങൾ നിർത്തിയിടാൻ ഇടയാക്കിയെതെന്നാണ് നഗരത്തിലെ വ്യാപാരികൾ പറയുന്നത്. എന്നാൽ തൊട്ടടുത്ത പയ്യന്നൂർ, ചെറുവത്തൂർ സ്റ്റേഷനുകളിൽ പേ ആൻഡ് യൂസ് പ്രകാരം കാശ് കൊടുത്തിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.