കാസർകോട്: 65-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവംബർ 14 ന് കാസകോട്ടും സമാപനം 20 ന് കാഞ്ഞങ്ങാട്ടും നടക്കും. സംസ്ഥാനതല ഉദ്ഘാടന-സമാപന പരിപാടികളുടെ പ്രചാരണത്തിന്റെ ഭാഗമായി 29 ന് ജില്ലയിൽ പോസ്റ്റർ പ്രചരണ ദിനമായി ആചരിക്കും.
ജില്ലയിലെ സ്കൂൾകോളേജ് വിദ്യാർത്ഥികൾക്കായുള്ള പ്രസംഗ - പ്രബന്ധ രചനാ മത്സരങ്ങൾ 29 ന് രാവിലെ 10 മുതൽ കാസർകോട് ജില്ലാ സഹകരണ ബാങ്ക് ഹാളിൽ നടക്കും. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ 65 സഹകരണ സംഘങ്ങളിൽ 65 ജൈവകൃഷിതോട്ടങ്ങൾ ആരംഭിക്കും.
ജില്ലാ സഹകരണ ബാങ്ക് ഹാളിൽചേർന്ന സംഘാടകസമിതിയോഗം പി.ബി അബ്ദുറസാഖ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മാണിയാട്ട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി കോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ വി. മുഹമ്മദ് നൗഷാദ്, കാസർകോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് ജെ പ്രസാദ്, പി. രഘുദേവൻ, കെ.ആർ ജയാനന്ദ തുടങ്ങിയവർ സംസാരിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ. മുരളീധരൻ സ്വാഗതവും ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എ. അനിൽകുമാർ നന്ദിയും പറഞ്ഞു.