കാഞ്ഞങ്ങാട്: ജില്ലാ ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹരിത സ്പർശത്തിൽ ഞാനും എന്റെ വിദ്യാലയവും' പദ്ധതിയിലൂടെ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ശേഖരിച്ചത് 2 ടൺ മാലിന്യങ്ങൾ. ഗ്രാമം മാലിന്യ മുക്തമാക്കിയതുനുപുറമെ പാഴ്വസ്തുക്കൾ വില്പന നടത്തി ലഭിച്ച 9,500 രൂപ നവകേരള നിർമ്മിതിക്കായി ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കുകയും ചെയ്തു..
സ്കൂൾ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത 'കാരുണ്യ വണ്ടി'യിലൂടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക് വേസ്റ്റുകളും ശേഖരിച്ചത്. പരിസരങ്ങളിലെ അഞ്ഞൂറ് വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ചതായി പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു.ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയതനുസരിച്ച് കേരള സ്റ്റേറ്റ് സ്ക്രാപ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി തങ്കമുത്തു സ്കൂളിലെത്തി മാലിന്യങ്ങൾ തൂക്കിയെടുത്തു.
മറ്റു വിദ്യാലയങ്ങൾക്കു കൂടി മാതൃകയായി മേലാങ്കോട്ട് സ്കൂൾ ആവിഷ്കരിച്ച കാരുണ്യവണ്ടി പദ്ധതിയെ ജില്ലാ കളക്ടർ പിസജിത്ത് ബാബുവും ജില്ലാ കോർഡിനേറ്റർ എം.പി. സുബ്രഹ്മണ്യനും പ്രശംസിച്ചു.