water-way

കണ്ണൂർ: വിനോദസഞ്ചാരവും ചരക്കുനീക്കവും ഉൾപ്പെടെ വൻ വികസനത്തിന്റെ സ്വപ്നപാത തുറക്കുന്ന ബേക്കൽ- കോവളം ജലപാതയ്ക്ക് കണ്ണൂരിലെ കുരുക്ക് ഒഴിയുന്നില്ല. ഉടമകൾ ഭൂമി വിട്ടുകൊടുക്കുന്നതിൽ കാട്ടുന്ന കടുംപിടിത്തമാണ് പ്രശ്നമാകുന്നത്. കാസർകോട് ബേക്കൽ മുതൽ കൊല്ലം കോട്ടപ്പുറം വരെയുള്ള സ്ഥലമെടുപ്പ് തടസങ്ങൾ മറ്റു ജില്ലകളിൽ നീങ്ങിയെങ്കിലും കണ്ണൂർ ജില്ലയിൽ 70 കിലോമീറ്ററോളം പ്രദേശത്ത് കുരുക്കൊഴിയുന്നില്ല. സെന്റിന് ആറു മുതൽ എട്ട് ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാൻ സർക്കാർ സന്നദ്ധമാണെങ്കിലും അത് മതിയാവില്ലെന്ന നിലപാടിലാണ് ഉടമകൾ. ഇവിടെ 400 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. മാഹി- തലശേരി 150ഉം അഞ്ചരക്കണ്ടി- വളപട്ടണം 250ഉം. സ്ഥലമെടുപ്പ് പൂർത്തിയായാലും നിർമ്മാണത്തിനായി മൂന്നുവർഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

മറ്റു ജില്ലകളിൽ ജലപാതയ്ക്ക് നിലവിൽ റൂട്ടുള്ളതിനാൽ പ്രതിസന്ധികൾ കുറവാണ്. കൊല്ലം- കോവളം ജലപാതയിൽ അഷ്ടമുടി കായലിനും പരവൂർ കായലിനും ഇടയിലുള്ള നിർമ്മാണം പുരോഗമിക്കുകയാണ്. ആറ് റീച്ചുകളിൽ മൂന്ന് റീച്ചുകളുടെ കാലാവധി ഈ മാസം അവസാനിക്കുന്നതോടെ കരാർ നീട്ടിനൽകിയേക്കും. കോവളം മുതൽ കൊല്ലം വരെ 74.18 കിലോമീറ്റർ ജലപാതയിൽ, പല റീച്ചുകളിലായി 25 മീറ്റർ വീതിയിൽ ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തിയാണ്‌ നടക്കുന്നത്. കൊല്ലം- കോഴിക്കോട് പാതവികസനവും നടന്നുവരുന്നു. കൊല്ലം- കോവളം, കോട്ടപ്പുറം- കാസർകോട് ജലപാതകളിൽ രണ്ടു വർഷത്തിനകം ഗതാഗതം ആരംഭിക്കാനായേക്കും.


മൊത്തം നീളം 616 കിലോമീറ്റർ, മതിപ്പുചെലവ് 5,000 കോടി

ലക്ഷ്യം, മെച്ചം

ദേശീയപാതയ്ക്കും റെയിൽവേക്കും സമാന്തരമായി ജലപാത വഴി ചരക്കുഗതാഗതവും ടൂറിസം വികസനവുമാണ് ലക്ഷ്യമിടുന്നത്. മൂന്നുമീറ്റർ ആഴത്തിലും 30 മീറ്റർ വീതിയിലുമുള്ള കനാലുകളാണു സജ്ജമാക്കുന്നത്. രണ്ടു കണ്ടെയ്‌നറുകളുടെ ഉയരത്തിൽ 500 ടൺ ചരക്കുവരെ കൊണ്ടുപോകാം. റോഡിനെന്ന പോലെ അറ്റകുറ്റപ്പണി ആവശ്യമില്ലെന്നതാണ് ജലപാതയുടെ മുഖ്യ സവിശേഷത.

 228 കോടി വെള്ളത്തിലായി

ദേശീയ ജലപാതയ്ക്കായി ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 228.60 കോടി രൂപ ചെലവഴിച്ചെങ്കിലും പദ്ധതി ഫലം കണ്ടില്ലെന്നു കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ വിമർശനമുയർന്നിരുന്നു. കേന്ദ്ര ഉൾനാടൻ ദേശീയ ജലപാത അതോറിട്ടിയാണ് തുക ചെലവഴിച്ചത്. വടക്കൻ മേഖലയിലെ ജനങ്ങളിൽ നിന്നുണ്ടായ എതിർപ്പാണ് നിർമ്മാണം തടസപ്പെടാനിടയാക്കിയത്.