മാഹി: നിയമം ലംഘിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുനൽകാത്തതിന് അഞ്ചംഗ സംഘം പള്ളൂർ പൊലീസ് സ്റ്റേഷന്റെ ബോർഡ് നശിപ്പിച്ചു. കേസിൽ അറസ്റ്റിലായ ചൊക്ലിയിലെ അനുരാഗ് (20), പെരിങ്ങാടി വേലായുധൻ മൊട്ടയിലെ മുഹമ്മദ് റാസിഫ്(19), മേക്കുന്നിലെ മുഹമ്മദ് ആഷിക്ക്(19) എന്നിവരെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഷമ്മാസ്, നജീബ് എന്നിവരെ പിടികിട്ടാനുണ്ട്. പൊതു മുതൽ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.

പള്ളൂർ ലൈബ്രറി ബാലഭവനിലേക്ക് മാറ്റാൻ നീക്കം

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ പ്രവർത്തിക്കുന്ന ഗവ: ബ്രാഞ്ച് ലൈബ്രറി പള്ളൂർ കസ്തൂർബ ഗവ: ഹൈസ്‌കൂൾ വളപ്പിലെ മിനി ബാലഭവനിലേക്ക് മാറ്റാൻ നീക്കം. ലൈബ്രറി ഒഴിയാൻ ഉടമ ആവശ്യപ്പെട്ടതാണ് കാരണം. ഒന്നര കിലോമീറ്റർ അകലേക്ക് മാറ്റുന്നത് പള്ളൂരിലെ സ്ഥിരം വായനക്കാരെയും ബാധിക്കും. അതിനിടെ ടാഗോർ പാർക്കിന് മുന്നിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ലൈബ്രറിയും തുറന്ന് കൊടുത്തിട്ടില്ല. ഗവ. മിഡിൽ സ്‌കൂൾ കെട്ടിടത്തിലാണ് ഈ ലൈബ്രറി താത്കാലികമായി പ്രവർത്തിക്കുന്നത്. നഗരസഭ സാംസ്‌കാരിക വകുപ്പിന് ഇനിയും കെട്ടിടം കൈമാറാത്തതാണ് പ്രതിസന്ധിയാകുന്നത്.