bus-stand
നീലേശ്വരം ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കാൻ തുടങ്ങിയപ്പോൾ

നീലേശ്വരം: നിലവിലുള്ള നീലേശ്വരം ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ആധുനിക ബസ് സ്റ്റാൻഡ് പണിയുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിക്കാൻ തുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ അഞ്ചോളം തൊഴിലാളികൾ ഏറ്റവും മുകളിലുള്ള ആസ്ബറ്റോസ് ഷീറ്റുകളാണ് പൊളിച്ച് നീക്കാൻ തുടങ്ങിയത്. അപകടങ്ങൾ ഒഴിവാക്കാൻ രാത്രികാലങ്ങളിലാണ് കെട്ടിടം പൊളിച്ചുനീക്കുക. പൊതുമരാമത്ത് കരാറുകാരൻ മാട്ടുമ്മൽ കൃഷ്ണനാണ് കെട്ടിടം പൊളിച്ചുനീക്കാൻ കരാറേറ്റെടുത്തത്. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതോടെ നഗരസഭാ അധികൃതർ ട്രാഫിക് പരിഷ്‌കാരവും വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ടൗൺ ടു ടൗൺ ബസുകൾ ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ ദേശീയ പാത മാർക്കറ്റ് റോഡിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും മറ്റ് ബസുകൾ മെയിൻ ബസാർ തളിയിൽ ക്ഷേത്രം റോഡ് വഴി കെ.സി.കെ. രാജ വഴി വന്ന് ഫെഡറൽ ബാങ്കിന് മുൻവശമുള്ള സ്ഥലത്ത് നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനുമാണ് നിർദ്ദേശിച്ചിട്ടുള്ളത്.