ചെറുവത്തൂർ: അത്യുത്പാദന ശേഷിയുള്ള ടി ഇൻടു ഡി തെങ്ങിൻതൈ വികസിപ്പിച്ചെടുത്തു തെങ്ങുകൃഷിയിൽ വിപ്ലവകരമായ പുരോഗതി കൈവരിച്ച പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ കൂടുതൽ ഗുണമേന്മയും വെള്ളവും രുചിയുമുള്ള ഇളനീർ വിജയകരമായി ഉത്പാദിപ്പിച്ചു. മലേഷ്യൻ ഡ്വാർഫ് ഗ്രീൻ ഇനത്തിൽപ്പെട്ട തെങ്ങിൽ നിന്നും വികസിപ്പിച്ചെടുത്ത ഇതിന് 'കേരമധുര' എന്നു നാമകരണവും ചെയ്തു. കൂടുതൽ ഇളനീർ വിളയുന്ന വിധത്തിൽ തൈകൾ ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. പദ്ധതിയുടെ ഭാഗമായി 100 തെങ്ങുകളുടെ ഒരു ഫാമാണ് പിലിക്കോട് വളർന്നുവരുന്നത്. മൂന്നു വർഷം പ്രായമായ ഈ തെങ്ങിൻ തൈകൾ രണ്ടുവർഷം കൂടി കഴിഞ്ഞാൽ ഉത്പാദനം തുടങ്ങുമെന്ന് ഫാമിലെ വിദഗ്ധർ പറഞ്ഞു. മറ്റു തേങ്ങയുടെ ഇളനീരിനെക്കാൾ കൂടുതൽ മധുരം, കൂടുതൽ വെള്ളം , കൂടുതൽ ധാതുലവണങ്ങൾ എന്നിവയാണ് കേരമധുരയുടെ പ്രത്യേകത. സാധാരണഗതിയിൽ ഒരു ഇളനീരിൽ 200 മില്ലിലീറ്റർ വെള്ളമാണെങ്കിലൽ കേരമധുരയിൽ ഇത് 500 മില്ലി ലീറ്ററോളം ഉണ്ടാകുമെന്നാണ് പ്രത്യേകത. ഇളനീരായി മാത്രമല്ല സാധാരണ തേങ്ങപോലെയും കേരമധുര ഉപയോഗിക്കാം. പരീക്ഷണാർത്ഥം നട്ടുപിടിപ്പിച്ച തെങ്ങിൻ തൈകളിലെ ഉത്പന്നം പരിശോധിച്ചു വിലയിരുത്തിയ ശേഷമാണ് പുതിയ തെങ്ങിൻ തോട്ടം ഒരുക്കിയത്. ഈ ഇനത്തിൽപ്പെട്ട കൂടുതൽ തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരീക്ഷണാർത്ഥം നട്ടു പിടിപ്പിച്ച കേരമധുര തൈകൾ.