കാഞ്ഞങ്ങാട്: നാഷണൽ ഹെൽത്ത് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിൽ ക്രമക്കേടിനെ തുടർന്ന് ഹൈക്കോടതി ലിസ്റ്ര് റദ്ദാക്കി. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ പലരും പുറത്താകുകയും മുന്നിലെത്തിയ ഉദ്യോഗാർഥികളുടെ ഹർജിയിൽ ലിസ്റ്റ് മരവിപ്പിക്കുകയും ചെയ്തതിന് പിന്നാലെ നടന്ന അന്യേഷണത്തിലാണ് നടപടി. കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് എഴുത്ത് പരീക്ഷ നടന്നത്. സെപ്റ്റംബർ 12 ന് ഇന്റർവ്യൂ നടത്തി നിയമനം നടത്തുകയായിരുന്നു. പക്ഷെ ഇന്റർവ്യൂ പ്രഹസനമായിരുന്നെന്നും അതിന് മുമ്പ് തന്നെ സ്വന്തക്കാരെ നിയമിക്കാൻ തീരുമാനിച്ചിരുന്നു എന്നുമാണ് പരാതി. നിയമനം റദ്ദാക്കിയ കോടതി എഴുപത്തി അഞ്ചു ദിവസങ്ങൾക്കകം പുതിയ എഴുത്ത് പരീക്ഷ നടത്തി നിയമനം നടത്തണമെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. എൻ.എച്ച്.എം. ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന്റെ മാനദണ്ഡ പ്രകാരം എഴുത്തുപരീക്ഷയിൽ 60% മാർക്ക് ലഭിച്ചവരെ മാത്രമേ കൂടിക്കാഴ്ചക്ക് ക്ഷണിക്കാവൂ. എന്നാൽ എഴുത്തു പരീക്ഷ 50 മാർക്കിന് നടത്തുകയും 40% മാർക്ക് ലഭിച്ചവരെ കൂടി കൂടിക്കാഴ്ചക്ക് വിളിക്കുകയും ചെയ്തു. 20% മാർക്ക് പരിധി നിശ്ചയിച്ച കൂടിക്കാഴ്ചക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ 30 മാർക്കായി ഉയർത്തി കൂടിക്കാഴ്ചയിൽ വേണ്ടപ്പെട്ടവർക്ക് ഉയർന്ന മാർക്ക് നൽകുകയും കൂടിക്കാഴ്ചയുടെ മാർക്ക് മാത്രം പരിഗണിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ എൻ.എച്ച്.എം നടത്തിയ സ്റ്റാഫ് നഴ്‌സ് നിയമനത്തിലും സമാനമായ ക്രമക്കേട് നടന്നെന്നും ആരോപണമുണ്ട്.