hamsa-muslyar

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ കെ.പി ഹംസ മുസ്ല്യാർ ചിത്താരി (79) അന്തരിച്ചു. തളിപ്പറമ്പിലെ വസതിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. നാടുകാണി അൽ മഖർ കാമ്പസിൽ കബറടക്കി.

1939ൽ പട്ടുവത്താണ് ജനനം. പട്ടുവം എൽ.പി സ്‌കൂൾ, പഴയങ്ങാടി മാപ്പിള യു.പി സ്‌കൂൾ എന്നിവിടങ്ങളിലും 1965 മുതൽ മാട്ടൂലിൽ എട്ട്‌വർഷം മൂദരിസായി സേവനമനുഷ്ഠിച്ചു. തുടർന്ന് ചിത്താരി ദർസിലേക്ക് മാറി. 1982ൽ തുരുത്തിയിൽ മുദർറിസായി. അടുത്തവർഷം ജാമിഅ സഅദിയ്യയിൽ ചേർന്നു. 1989 തളിപ്പറമ്പ് അൽമഖർ സ്ഥാപിച്ചപ്പോൾ അതിന്റെ പ്രിൻസിപ്പലായി.

1972ൽ സമസ്ത അവിഭക്ത കണ്ണൂർ ജില്ലയുടെ പ്രഥമ മുശാവറയിൽ ജോയിന്റ് സെക്രട്ടറിയായാണ് നേതൃരംഗത്തെത്തുന്നത്. സമസ്തയുടെ തളിപ്പറമ്പിലെ ജൂനിയർ കോളേജിന്റെയും, കാസർകോട് ജാമിഅ സഅദിയ്യയുടെയും, തളിപ്പറമ്പ് അൽമഖർറിന്റെയും സ്ഥാപനത്തിൽ നേതൃത്വം നൽകി. 1995 വരെ സഅദിയ്യയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ രൂപവത്കൃതമായപ്പോൾ സുന്നി യൂത്ത് ഓർഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായി.

കയ്യം സ്വദേശി സൈനബ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: അബ്ദുള്ള, ബഷീർ, അൻവർ, അനസ് അമാനി, ഉവൈസ്, ഫാത്തിമ, ഹന്നത്ത്, ഹഫ്‌സത്ത്, ഖദീജ, മിസ്രിയ, ബുഷ്‌റ. മരുമക്കൾ: ഡോ: പി.എ. അഹമദ് സഈദ്, അഹമദ് സിദ്ധീഖ് നരിക്കോട്, ഹസ്സൻ എളമ്പേരം, ഷാഫി പട്ടുവം, അബ്ദുൽ ഹമീദ് ഏഴാംമൈൽ, ഡോ. സാഹിർ മാതമംഗലം.