കൂത്തുപറമ്പ്: നിർദ്ദിഷ്ട കൊടുവള്ളി അഞ്ചരക്കണ്ടി വിമാനതാവളം നാലു വരിപാതക്കെതിരെ മമ്പറത്ത് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് മമ്പറം ടൗണിൽ കടകളടച്ച് പ്രതിഷേധിച്ചത്. മമ്പറം ടൗണിനെ വിഭജിച്ച് പുതിയ നാല് വരി പാത നിർമ്മിക്കാനുള്ള നീക്കത്തിനെതിരെയാണ് വ്യാപാരികൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടുള്ളത്. പടിഞ്ഞിറ്റാംമുറിയിൽ നിന്നും ആരംഭിച്ച് കൂത്തുപറമ്പ് റോഡിൽ എത്തുന്ന തരത്തിലാണ് നിർദ്ധിഷ്ട റോഡിന്റെ അലൈമെന്റ് തയ്യാറാക്കിയിട്ടുള്ളത്. അലൈന്മെന്റ് യാഥാർത്ഥ്യമായാൽ എഴുപതിൽപ്പരം ഷോപ്പുകളും ഏഴ് വിടുകളും പൊളിക്കേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേ സമയം നിലവിലുള്ള റോഡ് വികസിപ്പിച്ച് നാല് വരിപാത നിർമ്മിക്കുകയാണെങ്കിൽ ഇരുപതോളം കടകൾ മാത്രമെ പൊളിച്ച് മാറ്റേണ്ടി വരികയുളളുവെന്നും ഇവർ പറയുന്നു.
ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും കൈവശം യഥേഷ്ടം സ്ഥലം ഉള്ളതിനാൽ വളരെ കുറച്ച് സ്ഥലം ഏറ്റെടുത്താൽ മതിയാകും. മമ്പറത്ത് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ അടിഭാഗത്ത് നിലവിൽ രണ്ട് വരി പാതക്കാവശ്യമായ അഞ്ച് മീറ്റർ ഉയരമുണ്ട്. അവശേഷിക്കുന്ന ഭാഗത്ത് അര മീറ്റർ ഉയരം കൂട്ടിയാൽ പാലത്തിനടിയിലൂടെ നാല് വരിപ്പാത യാഥാർത്ഥ്യമാകും. എന്നാൽ മമ്പറം ടൗണിനെ സംരക്ഷിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന പുതിയ അലൈമെന്റിൽ വൻതോതിൽ കുന്നിടിക്കേണ്ടി വരുമെന്നും ഇവർ ആരോപിക്കുന്നു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത് എത്തിയത്. ആദ്യഘട്ട സമരമെന്ന നിലയിലാണ് ഇന്നലെ ഉച്ചവരെ മമ്പറം ടൗണിലെ വ്യാപാരികൾ കടകൾ അടച്ചിട്ടത്. അതേ സമയം കൊടുവള്ളി അഞ്ചരക്കണ്ടി വിമാനതാവളം നാല് വരിപാതയുടെ സർവ്വെ പിണറായി കമ്പനി മെട്ട വരെ പൂർത്തിയായിരിക്കയാണ്. മമ്പറം ടൗണിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായാൽ മാത്രമെ മമ്പറം ഭാഗത്ത് സർവ്വെ നടപടികൾ ആരംഭിക്കുകയുള്ളുവെന്നാണ് സൂചന.