മട്ടന്നൂർ: വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരതൊഴിൽ സംരക്ഷണ റാലിയും അവകാശ പ്രഖ്യാപന കൺവെൻഷനും കൈലാസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.ശ്രീധരൻ, ഉസ്മാൻ വയനാട്, എ.സുധാകരൻ, സേതുമാധവൻ, പി.ബാസിത്, സൗമിനി മോഹൻദാസ്, എം.പി.തിലകൻ, കെ.എസ്.റിയാസ്, സി.കെ.രാജൻ, സി.സി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
തലശേരി റോഡിൽ കനാലിനു സമീപത്തു നിന്നു ആയിരങ്ങൾ പങ്കെടുത്ത റാലി ആരംഭിച്ചു മട്ടന്നൂർ നഗരം ചുറ്റി കൈലാസ് ഓഡിറ്റോറിയം പരിസരത്ത് സമാപിച്ചു.റോഡിന്റെ വീതി 30 മീറ്ററിൽ നിന്ന് 15 മീറ്ററാക്കി ചുരുക്കുക, കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥാപന ഉടമകൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക വ്യാപാരികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൺവെൻഷൻ. വയനാട്, കോഴിക്കോട് ജില്ലകളിലെ വ്യാപാരികളും റാലിയിൽ പങ്കെടുത്തു.
പടം : വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരതൊഴിൽ സംരക്ഷണ റാലിയും അവകാശ പ്രഖ്യാപന കൺവെൻഷനും ൻ സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
കഞ്ചാവുമായി യുവാവ് പിടിയിൽ
പേരാവൂർ: സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി ഇരുപത്തൊമ്പതാം മൈൽ ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെ കഞ്ചാവുകടത്തുകയായിരുന്ന മമ്പറം പാതിരിയാട് പറമ്പായി സ്വദേശി റാഹത്ത് മൻസിലിൽ എ .എ. നസ്മീർ (27) പിടിയിൽ.ഇയാളുടെ പക്കൽ നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.കർണാടകയിൽ നിന്നും കഞ്ചാവ് കടത്തിവന്നതായിരുന്നു കഞ്ചാവ്. പേരാവൂർ റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എ.ജയിംസ്, സുരേഷ് പുൽപ്പറമ്പിൽ, കെ.എ.മജീദ്, എക്‌സൈസ് ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
തലശ്ശേരി:കതിരൂർ നാദാപുരം റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നു (ഒക്ടോബർ 25) മുതൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. ഇതുവഴിയുള്ള വാഹനങ്ങൾ തലശ്ശേരികോപ്പാലംപാനൂർ വഴി പോവേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തളിപ്പറമ്പിലെ മോഷണശ്രമം
രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ
തളിപ്പറമ്പ്: ഏഴാംമൈലിലെ ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മിലും മെട്രോ മെഷീൻ ടൂൾസിലും കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശുർ സ്വദേശി ഷിബുവും കോഴിക്കോട്ടെ നജീബുമാണ് കസ്റ്റഡിയിലായത്.ഇന്നലെ പയ്യന്നൂരിൽ വച്ചാണ് ഡിവൈഎസ്പിയുടെ സ്‌ക്വാഡ് ഇരുവരേയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്
കഴിഞ്ഞ 18 ന് രാത്രി ബാങ്ക് ഓഫ് ഇന്ത്യയുടെ ഏഴാംമൈൽ വടക്കാഞ്ചേരി റോഡിന് സമീപത്തെ എടിഎമ്മിൽ നടന്ന കവർച്ചാ ശ്രമത്തിലും 19 ന് പുലർച്ചെ ഒന്നോടെ ദേശീയപാതയോരത്തെ മെട്രോ മെഷീൻ ടൂൾസ് എന്ന കടയുടെ പിൻഭാഗത്തെ ഷട്ടർ തകർത്ത് മോഷണത്തിന് ശ്രമം നടത്തിയതും ഇവരാണെന്ന് സൂചനയുണ്ട്. മോഷ്ടാക്കൾ ഷട്ടർ പൊളിക്കുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. പുലർച്ചെ 3.45 വരെ രണ്ടേമുക്കാൽ മണിക്കൂർ നേരം മോഷ്ടാക്കൾ സ്ഥലത്തുണ്ടായിരുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ കണ്ടെത്തിയിരുന്നു.
നീർവേലിയിൽ കാറുകൾ കൂട്ടിയിടിച്ചു
മട്ടന്നൂർ: നീർവേലി വളവിൽ ഇന്നലെ വൈകുന്നേരം നാലു മണിയോടെ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.രണ്ട് കാറിനും കേടുപാടുണ്ടായി. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുന്ന കാറും മട്ടന്നൂരിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. തലശ്ശേരി വളവുപാറ റോഡ് വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ ഒരു വശത്ത്ത്ത് കൂടിയാണ് രണ്ട് ഭാഗത്തെക്കും വാഹനങ്ങൾ കടന്നു പോവുന്നത്. അപകട മേഘലയായവളവുള്ള സ്ഥലത്ത് സിഗ്‌നൽ സ്ഥാപിക്കുകയോ.നൽകുകയോ ചെയ്യാത്ത താണ് ഇന്നലെ ഉണ്ടായഅപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ചെറുപുഴയിൽ ബോർഡുകളും ബാനറുകളും പരസ്യപ്പലകകളും നീക്കിത്തുടങ്ങി
ചെറുപുഴ: പൊതുസ്ഥലങ്ങളിലെ പരസ്യസാമഗ്രികൾ നീക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചെറുപുഴ പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും പരസ്യപ്പലകകളും നീക്കിത്തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോർജ്ജ്, സെക്രട്ടറി ലാലി മാണി എന്നിവരുടെയും പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിലെത്തിയാണ് പരസ്യബോർഡുകൾ നീക്കം ചെയ്ത് തുടങ്ങിയത്. ഇന്നലെ(രാവിലെ മുതൽ പാടിയോട്ടുചാൽ, കുണ്ടംതടം, കാക്കേഞ്ചാൽ, ചെറുപുഴ എന്നിവിടങ്ങളിൽ നിന്ന് ഇവ നീക്കം ചെയ്തു. അടുത്ത ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഇവ നീക്കം ചെയ്യും.
സാംസ്കാരികസദസ്.
തലശ്ശേരി:യുക്തിവാദി സംഘം 'ഞങ്ങൾക്ക് പറയാനുള്ളത് ' എന്ന വിഷയത്തിൽ തലശ്ശേരി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ്സ് ജില്ലാ സെക്രട്ടറി എ.കെ.നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കണ്ട്യൻ സുരേഷ് ബാബു അദ്ധ്യക്ഷനായി. അഡ്വ.കെ.പി.വത്സലൻ, ദിനേശൻ പൊയിലൂർ, എ.കെ.അശോക് കുമാർ സംസാരിച്ചു.