കണ്ണൂർ: ഉദ്ഘാടനത്തിന് മുമ്പ് തന്നെ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രികനാകുന്നത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ്. ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തുന്ന അമിത് ഷാ 27ന് പ്രത്യേക വിമാനത്തിൽ കണ്ണൂരിലിറങ്ങും. വിമാനയാത്ര സംബന്ധിച്ച് എയർപോർട്ട് അതോറിട്ടിയുടെയും കണ്ണൂർ വിമാനത്താവളത്തിന്റെയും അനുമതി ലഭിച്ചുവെന്നാണ് ബി.ജെ.പി നേതൃത്വം നൽകുന്ന സൂചന. തുടർന്ന് ഉദ്ഘാടന ചടങ്ങിനു ശേഷം പിണറായിയിൽ കൊല്ലപ്പെട്ട രമിത്തിന്റെ വീട് സന്ദർശിക്കും. തിരിച്ച് 2 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കും. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം കണ്ണൂരിലേക്ക് റോഡ് മാർഗം വരാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതിനെ തുടർന്ന് എയർപോർട്ട് അതോറിട്ടിക്ക് അപേക്ഷ നൽകുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.