കണ്ണൂർ: റോഡ് വികസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഹസ്സൻ കോയ വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ. ഹസ്സൻ കോയ മാർച്ച് ഉദ്ഘാടനം ചെയ്തു. നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വ്യാപാരികൾ പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസന പ്രവർത്തങ്ങളിൽ വ്യാപാരികൾ എക്കാലവും സജീവമായി ഇടപെടാറുണ്ട്. എന്നാൽ വ്യാപാരികളുടെ അന്നംമുട്ടിക്കുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുക തന്നെ ചെയ്യും. ഇക്കാലത്ത് നിരവധി വ്യാപാര സംഘടനകളുണ്ടെങ്കിലും വ്യാപാരികളുടെ പൊതുആവശ്യങ്ങൾക്ക് വ്യാപാരി സമൂഹം ഒറ്റക്കെട്ടായി നിൽക്കും. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നാലുവരി പാത വരുന്നതോടെ ആയിരക്കണക്കിന് വ്യാപാരികൾക്ക് തൊഴിൽ നഷ്ടപ്പെടും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.എഫ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, വി. കണ്ണൻ, എം. നസീർ, വി. സുനിൽകുമാർ, വി.എ. ദേവസ്യ, ലിജോ പി. ജോസ്, അഹമ്മദ് പരിയാരം, എൻ. കുഞ്ഞിമൂസ ഹാജി, സി. ബുഷ്റ, കെ. ഹരിദാസ്, ഇ. മഹമൂദ്, അബ്ദുൾ സലാം പാപ്പിനിശേരി എന്നിവർ പ്രസംഗിച്ചു.