കാസർകോട്: വസ്ത്ര നിർമ്മാണ, വ്യാപാര മേഖലയിൽ നാഴികക്കല്ലായി മാറുന്ന ഉദുമ സ്പിന്നിംഗ് മിൽ 29 ന് തുറക്കും. കാസർകോട് ജില്ലയുടെ സമഗ്ര പുരോഗതിക്ക് വഴിതെളിയിക്കുന്ന സ്പിന്നിംഗ് മിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമന്റെ ശ്രമകരമായ ഇടപെടലിലൂടെയാണ് യാഥാർഥ്യമാകുന്നത്.
25 കോടി വാർഷിക വിറ്റുവരവ് പ്രതീക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് പ്രതിദിനം 3600 കിലോ കോട്ടൺ നൂല് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 179 പേർക്ക് നേരിട്ട് തൊഴിൽ നൽകിയ മില്ലിൽ ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്.
കെട്ടിട നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നെങ്കിലും എൽ.ഡി.എഫ് സർക്കാരിൽ വകുപ്പ് മന്ത്രിയായ ഇ.പി ജയരാജനാണ് മിൽസ് തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടി പൂർത്തീകരിച്ചു നൽകിയതെന്ന് എം.എൽ.എ പറഞ്ഞു.
മന്ത്രിസഭയിൽ നിന്ന് ജയരാജൻ മാറിനിന്നെങ്കിലും വീണ്ടും അദ്ദേഹം വ്യവസായ വകുപ്പ് മന്ത്രിയായ ശേഷമാണ് നടപടികൾക്ക് വേഗത വന്നതും ഉദ്ഘാടനം ചെയ്യാനായി എത്തുന്നതും.
കാസർകോട് പാക്കേജിൽ നിന്ന് പത്തുകോടി അനുവദിച്ചുകൊണ്ടാണ് മില്ലിന്റെ പ്രവർത്തനം തുടങ്ങുന്നത്. സാങ്കേതിക തടസങ്ങളും കെട്ടിടത്തിന്റെയും വൈദ്യുതിയുടെയും തടസവും കാരണമാണ് ഉദ്ഘാടനം വൈകിയത്.
കെ.എസ്.ഇ.ബിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നല്ല സഹകരണം ലഭിച്ചു. മുഴുവൻ പ്രതിസന്ധിയും മറികടന്നാണ് ഇപ്പോൾ മില്ല് പ്രവർത്തനം ആരംഭിക്കുന്നത്.
മൂന്ന് മാസത്തോടെ മില്ലിൽ നിന്നുള്ള ഉത്പാദനം പൂർണ്ണതോതിലാകും. കയറ്റുമതി സാധ്യത അടക്കം പരിഗണിക്കുമെന്നും നിരവധി കമ്പനികളുമായി കരാർ ഉണ്ടാക്കുമെന്നും അധികൃതർ പറഞ്ഞു.
ഉദ്ഘാടകൻ മന്ത്രി ജയരാജൻ
ആധുനിക സാങ്കേതിക വിദ്യയോടെയുള്ള ഉദുമ സ്പിന്നിംഗ് മില്ലിന്റെ ഉദ്ഘാടനം 29 ന് വൈകുന്നേരം മൂന്നിന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കുമെന്ന് കെ. കുഞ്ഞിരാമൻ എം.എൽ.എയും കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ സി.ആർ വത്സനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. പി. കരുണാകരൻ എം.പി മുഖ്യാതിഥിയാകും. കോർപ്പറേഷൻ ഡയറക്ടർ രാജേഷ് പ്രേം, മാനേജിംഗ് ഡയറക്ടർ എം. ഗണേഷ്, ജനറൽ മാനേജർ വി.ആർ ഹോബി എന്നിവർ പങ്കെടുത്തു.