തൃക്കരിപ്പൂർ: കാലങ്ങളായുള്ള കാലിക്കടവിലെയും പരിസരങ്ങളിലെയും കായികപ്രേമികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് പിലിക്കോട് പഞ്ചായത്ത് മൈതാനം ഹൈടെക് ആക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ വിനിയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരമുള്ള മൾട്ടി പർപ്പസ് മൈതാനം നിർമ്മിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എ എം. രാജഗോപാലന്റെ നിവേദനത്തെ തുടർന്ന് കേരള സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിലുള്ള എഞ്ചിനീയർമാരുപ്പെടെ സ്ഥലം സന്ദർശിച്ചു. സിന്തറ്റിക്ക് ഫുട്ബാൾ കോർട്ട്, 200 മീറ്റർ റണ്ണിംഗ് സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക്ക് വോളിബാൾ, ബാസ്കറ്റ്ബാൾ കോർട്ട്, ജംപിംഗ് പിറ്റ്, ഗാലറി, ജിംനേഷ്യം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയോടുകൂടിയ സ്റ്റേഡിയം കോംപ്ലക്സാണ് വിഭാവനം ചെയ്യുന്നത്. നാഷണൽഹൈവേക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ മൈതാനത്തെ വിപുലീകരിക്കുന്നതിനുള്ള കായികതാരങ്ങളുടെയും, നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യമാണ് പദ്ധതി നടപ്പിലായാൽ സാധ്യമാകുക. എം.എൽ.എയ്ക്കൊപ്പം ചീഫ് എഞ്ചിനീയർ സി. മോഹൻകുമാർ, എക്സിക്യൂട്ടിവ് എഞ്ചിനീയർ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് സ്ഥല പരിശോധനയ്ക്കായികാലിക്കടവിൽ എത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരും സന്നിഹിതരായിരുന്നു.