തൃക്കരിപ്പൂർ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ താറാവ് ഗ്രാമം പദ്ധതിയിൽ ജില്ലയിൽ നിന്ന് പടന്ന പഞ്ചായത്തിനെയും ഉൾപ്പെടുത്തി. പദ്ധതി പ്രകാരം പത്തുവീതം താറാവുകളെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് കൈമാറി.
പടന്നയിലെ 200 കുടുംബങ്ങൾക്കാണ് പ്രഥമ ഘട്ടത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. രണ്ടര ലക്ഷം രൂപയുടേതാണ് പദ്ധതി. പൂർണമായും സൗജന്യമായാണ് കർഷകർക്ക് 52 ദിവസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.
കഴിഞ്ഞ വർഷം വലിയപറമ്പ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കിയത്.സമീപഭാവിയിൽ താറാവുമുട്ടയുടെ കാര്യത്തിൽ പ്രദേശത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പടന്ന വടക്കേപ്പുറം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു.
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഫൗസിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.വി. മുഹമ്മദ് അസ്ലം, അംഗങ്ങളായ നൈന സുരേഷ്, എം. ചിത്ര, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഉമ്മൻ പി. രാജ്, പി.ആർ.ഒ ഡോ. പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി സർജൻ ഡോ. കെ. ശ്രീവിദ്യ നമ്പ്യാർ സ്വാഗതവും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ടി.എം.സി. ഇബ്രാഹിം നന്ദിയും പറഞ്ഞു.