ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തോടുകൾ വ്യാപകമായി കൈയേറുന്നതായി പരാതി. പഞ്ചായത്തിലെ തെക്കംപൊയിൽ പ്രദേശത്താണ് കൂടുതലും കൈയേറിയിരിക്കുന്നത്. നേരത്തെ നല്ല വീതിയുണ്ടായിരുന്ന തോട് ഇപ്പോൾ ഒഴുക്ക് തടസ്പ്പെടുന്ന തരത്തിൽ ചെറുതായിട്ടുണ്ട്.

വീതിക്കുറവ് മൂലം രണ്ട് മാസം മുമ്പ് കനത്ത മഴയിൽ ഈ ഭാഗത്തെ പല വീടുകളിലും വെള്ളം കയറിയിരുന്നു. സ്വാഭാവിക ഒഴുക്കിനെ തടയുംവിധമുള്ള കൈയേറ്റവും നിർമ്മാണവുമാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.

കൈയേറ്റം സംബന്ധിച്ച് നാട്ടുകാർ നേരത്തെ തഹസിൽദാർക്കും വില്ലേജ് അധികൃതർക്കും പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഇത് കൂടുതൽ പേരെ പൊതുസ്ഥലം കൈയേറാൻ ധൈര്യം നല്കുന്നുവെന്നാണ് നാ്ടടുകാരുടെ പരാതി.

പുസ്തകം കൈമാറി

ഇരിട്ടി: പ്രളയത്തിൽ നശിച്ച സ്​കൂൾ ലൈബ്രറികൾ പുനസ്ഥാപിക്കുന്നതിനായുള്ള അക്ഷരഹസ്തം പദ്ധതിയിലേക്ക് ഇരിട്ടി എം.ജി. കോളജ് എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച പുസ്തകങ്ങൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ഷീജ നാറോത്ത് കൈമാറി. മട്ടന്നൂർ ശ്രീബുദ്ധ സാംസ്​കാരിക യാത്രാസമിതിയുടെ നേതൃത്വത്തിലാണ് അക്ഷരഹസ്തം പദ്ധതി നടപ്പാക്കുന്നത്. പ്രോഗ്രാം ഓഫിസർ ഡോ.ജയസാഗർ അഡിയേരി, ഡോ.കെ.അനീഷ് കുമാർ, കെ.പി.ഷിബു, ഡോ.ഇ.സുധീർ എന്നിവർ പ്രസംഗിച്ചു.

കലാകായികമത്സരം

ഇരിട്ടി : കരിക്കോട്ടക്കരി സെൻ് തോമസ് ഹൈസ്​കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി കലാകായിക മത്സരങ്ങൾ സ്മൃതിപഥം​-2018 നടത്തും. വിവിധ വിഭാഗങ്ങളിലായാണ് മത്സരം. കലാമത്സരങ്ങൾ നവംബർ 10,11 തിയതികളിലും കായിക മത്സരങ്ങൾ 23,24 തിയതികളിലും ഗെയിംസ് മത്സരങ്ങൾ നവംബർ 10, 21, 30, ഡിസംബർ ഒന്ന് എന്നീ തിയതികളിലും നടക്കും. കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നവംബർ അഞ്ചിനു മുൻപായും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഈ മാസം 31 നു മുൻപായും രജിസ്റ്റർ ചെയ്യണം.