കാസർകോട്: അത്യുത്തരദേശത്തിന്റെ വികസനത്തിനു വേണ്ടി അഹോരാത്രം യത്നിച്ച വ്യക്തികളായിരുന്നു ചെർക്കളം അബ്ദുള്ളയും പി.ബി അബ്ദുൽ റസാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. പ്രദേശത്തിന്റെ മുഖച്ഛായ ഒരു പരിധിവരെ മാറ്റുന്നതിന് ഇവരുടെ പ്രവർത്തനങ്ങൾ മുഖ്യ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. യു ഡി എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം അബ്ദുള്ള, പി ബി അബ്ദുൽ റസാഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എണ്ണൂറോളം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അബ്ദുൽ റസാഖ് എം എൽ എ മുഖേന മഞ്ചേശ്വരം മണ്ഡലത്തിൽ നടത്തിയത്. ചെർക്കളം മന്ത്രിയായിരിക്കമ്പോഴാണ് ഗ്രാമീണ സ്ത്രീകളുടെ ജീവിത നിലവാരത്തിൽ തന്നെ ഗണ്യമായ മാറ്റമുണ്ടാക്കിയ കുടുംബശ്രീ ആരംഭിച്ചത്. ഇവരുടെ വേർപാട് നാടിനും യു.ഡി.എഫ് പ്രസ്ഥാനത്തിനും നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
ജില്ലാ ചെയർമാൻ എം.സി ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. എൻ.എ നെല്ലിക്കുന്ന് എം. എൽ.എ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, സി.ടി അഹമ്മദലി, എ.ജി.സി ബഷീർ, ഹരീഷ് ബി. നമ്പ്യാർ, കുര്യാക്കോസ് പ്ലാംപറമ്പിൽ, അബ്രഹാം തോണക്കര, എം.എച്ച്. ജനാർദ്ദനൻ, വി. കമ്മാരൻ, കരിവെള്ളൂർ വിജയൻ, പി.എ അഷറഫലി, എ. അബ്ദുൽ റഹിമാൻ, അഡ്വ. എ. ഗോവിന്ദൻ നായർ, എം. കുഞ്ഞമ്പു നമ്പ്യാർ, അഡ്വ. കെ.കെ രാജേന്ദ്രൻ, പി.കെ ഫൈസൽ എന്നിവർ പ്രസംഗിച്ചു.