ചെറുവത്തൂർ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്കസ് ത്രോയിൽ മയ്യിച്ച സ്വദേശിയും കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കെ.സി സിദ്ധാർഥ് സീനിയർ വിഭാഗത്തിൽ ദേശീയ റിക്കാർഡ് മറികടന്ന് സ്വർണ്ണം നേടി.
കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യനായ അലക്സിന്റെ 53.14 ദൂരം മറികടന്ന് 53.34 മീറ്റർ ലക്ഷ്യം കണ്ടാണ് സിദ്ധാർഥ് മികവ് തെളിയിച്ചത്. കഴിഞ്ഞ വർഷം സിദ്ധാർഥ് സംസ്ഥാന സ്കൂൾ ജൂനിയർ മീറ്റിൽ ഡിസ്കസ് ത്രോയിൽ സ്വർണ്ണം നേടിയിരുന്നു. രണ്ടാഴ്ച്ച മുമ്പ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 18 അത്ലറ്റിക് മീറ്റിൽ ഷോട്പുട്, ഡിസ്കസ് ത്രോ എന്നിവയിൽ സ്വർണ്ണം നേടിയിട്ടുണ്ട്. മുൻ സംസ്ഥാന സ്കൂൾ ഡിസ്കസ് ത്രോ ചാമ്പ്യൻ കെ.സി ഗിരീഷാണ് പിതാവ്. ദേശീയ കബഡി താരം കെ.സി ഗീത പിതൃ സഹോദരിയാണ്. രേഷ്മയാണ് മാതാവ്.
ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ സിദ്ധാർത്ഥിനെ സ്റ്റേഡിയത്തിൽ ചെന്നുകണ്ടു നാടിന്റെ അഭിനന്ദനം അറിയിച്ചു.