കാഞ്ഞങ്ങാട്: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കടലാസിന്റെ വില വർധനവ് ഇരുപത്തഞ്ചു ശതമാനത്തോളം വർധനവ് വന്നത് അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കിലേയ്ക്ക് 60 രൂപ ഉണ്ടായിരുന്ന കടലാസിന്റെ വില ഇപ്പോൾ 75 രൂപവരെയായി. ദീർഘനാളത്തേക്ക് അച്ചടി ജോലികൾ കരാർ എടുത്തിരിക്കുന്ന സ്ഥാപനങ്ങൾ വലിയ നഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി അച്ചടി നിരക്കിൽ വർധനവ് ഉണ്ടായിട്ടില്ല. അസംസ്കൃത വസ്തുക്കളുടെ വിലവർധനവ് മൂലം അച്ചടി ഉത്പന്നങ്ങളുടെ വില ഇരുപത്തഞ്ചു ശതമാനം വർധിപ്പിക്കുവാൻ നിർബന്ധിതമായിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. ജയറാം, ജില്ലാ പ്രസിഡന്റ് എൻ. കേളുനമ്പ്യാർ, സെക്രട്ടറി അനുപ് കളനാട്, കാസർകോട് മേഖല പ്രസിഡന്റ് റെജി മാത്യു, കാഞ്ഞങ്ങാട് മേഖലാ ഭാരവാഹികളായ ജനാർദ്ദനൻ മേലത്ത്, ഉദയകുമാർ, ഫാബ്, പ്രഭാകരൻ, ഭരത് സംബന്ധിച്ചു.