amith

മട്ടന്നൂർ:ബി.ജെ.പി.ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി ഇന്നലെ പറന്നിറങ്ങി. ഉദ്ഘാടനത്തിന് 42 ദിവസം ശേഷിക്കേ, അമിത് ഷായുടെ വരവ് അണികൾ വിമാനത്താവളത്തിന്റെ അനൗദ്യോഗിക ഉദ്ഘാടനമാക്കി രാഷ്ട്രീയ മാനവും നൽകി. ഉൽഘാടനത്തിന് മുൻപേ എത്തിയ വി. വി. ഐപിയെ കിയാൽ അധികൃതർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ഡൽഹിയിലെഏവിയേഷൻ കമ്പനിയുടെ പ്രത്യേകം ചാർട്ട് ചെയ്ത വിമാനം 10.15നാണ് ഡൽഹിയിൽ നിന്ന് പറന്നുയർന്നത്. 11.39 ന് മട്ടന്നൂരിൽ ലാൻഡ് ചെയ്തു. വിമാനത്തിൽ നിന്നിറങ്ങിയ അദ്ദേഹം അഞ്ച് മിനുട്ടോളം പരിസരം വീക്ഷിച്ച ശേഷമാണ് ടെർമിനലിന് പുറത്തേക്കിറങ്ങിയത്. .
പ്രത്യേക സുരക്ഷയിൽ ഒന്നാം കവാടത്തിലൂടെ പുറത്തേക്കിറങ്ങി. വി.മുരളിധരൻ എം.പി യും ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിയന്ത്രണത്തിൽ മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ ബുള്ളറ്റ് പ്രൂഫ് കാറിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അമിത് ഷാ കണ്ണൂരിലേക്ക് തിരിച്ചത്. ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി.എസ്. ശ്രീധരൻപിള്ള,​ ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് , നളീൻ കുമാർ കട്ടീൽ എം.പി, സംസ്ഥാന സംഘടന സെക്രട്ടറി എൽ.ഗണേശൻ, സംസ്ഥാന സെൽ കോഡിനേറ്റർ കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശൻ എന്നിവരും അമിത് ഷായെ വിമാനത്താവളം മുതൽ അനുഗമിച്ചു. കണ്ണൂരിലെ പരിപാടികൾക്ക് ശേഷം 2.56ന് അമിത് ഷായുടെ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു.