കാഞ്ഞങ്ങാട്: നഗരസഭയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കുമെന്ന് ചെയർമാൻ വി.വി. രമേശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓഫീസ് കോംപൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. പി. കരുണാകരൻ എം.പി മുഖ്യാതിഥിയായിരിക്കും.
ലോക ബാങ്കിന്റെ 1.12 കോടി ചെലവിലാണ് മൂന്നുനിലകളിലുള്ള ഓഫീസ് പണിതിരിക്കുന്നത്. ഹൈടെക് ഓഫീസിൽ കൈക്കുഞ്ഞുങ്ങളുമായി വരുന്നവർക്ക് മുലയൂട്ടാനുള്ള സൗകര്യവും ഇതര മതസ്ഥർക്ക് നിസ്കരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസിൽ സി.സി കാമറയും, പഞ്ചിംഗും ഏർപ്പെടുത്തും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് എന്നിവരുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്യും. ഓഫീസ് പ്രവർത്തനത്തിന് അടുക്കും ചിട്ടയും വരുത്തിയതായും ചെയർമാൻ വ്യക്തമാക്കി. വൈസ് ചെയർമാൻ എൽ.സുലൈഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മഹമൂദ് മുറിയനാവി, ടി.വി. ഭാർഗ്ഗവി, ഗംഗാ രാധാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ സി.കെ. വത്സലൻ, സന്തോഷ് കുശാൽനഗർ എന്നിവരും സംബന്ധിച്ചു.