നീലേശ്വരം: ഷൊർണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ 24.42 ഏക്കർ സ്ഥലം നീലേശ്വരം റെയിൽവേസ്റ്റേഷന്റെ കൈവശം ഉണ്ടെങ്കിലും അത് വികസന കാര്യങ്ങൾക്ക് ഉപയോഗിക്കാൻ റെയിൽവെ അധികൃതർ മുന്നോട്ട് വരുന്നില്ല. കാഞ്ഞങ്ങാട് കാണിയൂർ പാത യാഥാർത്ഥ്യമായാൽ ഓപ്പറേറ്റിംഗ് സ്റ്റേഷനാക്കി മാറ്റാനാകുന്ന നീലേശ്വരത്തോടാണ് റെയിൽവേയുടെ ഈ അവഗണന.
പ്രധാനപ്പെട്ടവണ്ടികൾക്കൊന്നും ഇപ്പോഴും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.ചെന്നൈ മെയിലിന് സ്റ്റോപ്പ് അനുവദിച്ചു കിട്ടാൻ നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഇനിയും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. കിനാനൂർ കരിന്തളം, മടിക്കൈ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം ബേളൂർ എന്നീ പഞ്ചായത്തുകളിലെ യാത്രക്കാർ നീലേശ്വരം റെയിൽവെ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വരുമാനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന നീലേശ്വരത്തോട് തുടരുന്ന അധികൃതരുടെ അവഗണനയ്ക്കതിരേ യാത്രക്കാർക്കിടയിൽ വൻ പ്രതിഷേധമുയരുന്നുണ്ട്.ശക്തമായ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായാൽ മാത്രമെ റെയിൽവെ സ്റ്റേഷന്റെ വികസനം സാദ്ധ്യമാകൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.