കാസർകോട്: കേരള ഗവ. കോൺട്രാക്ടേർസ് ഫെഡറേഷൻ 17-ാമത് ജില്ലാ സമ്മേളനം 30 ന് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ (ഇ.വി. ഗോപിനഗർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ സംഘാടക സമിതി ചെയർമാൻ ബി. ഷാഫി ഹാജി പതാക ഉയർത്തും. രാവിലെ പത്തിന് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ എം.എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.വി.കുഞ്ഞപ്പൻ അധ്യക്ഷത വഹിക്കും. എൻ.എ.നെല്ലിക്കുന്ന് എം.എൽ എ മുഖ്യാതിഥിയായിരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ വിതരണം ചെയ്യും.
ഭരണകൂടത്തിന്റെ തെറ്റായ നിയമ വ്യവസ്ഥയുടെ ഫലമായി നിർമ്മാണസാമഗ്രികളുടെ വില അടിക്കടി വർധിക്കുകയാണ്. ക്വാറി ഉത്പന്നങ്ങൾക്ക് ക്ഷാമമായതിനാൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയുന്നില്ല. ടാറിന്റെ വിലയും അടിക്കടി വർധിക്കുകയാണ്. ടെണ്ടർ നൽകിയതിനുശേഷം വിലകളിൽ ഉണ്ടാകുന്ന വ്യത്യാസം സർക്കാർ അനുവദിച്ചു തരണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബി.ഷാഫി ഹാജി, ജില്ലാ പ്രസിഡന്റ് എം.വി. കുഞ്ഞപ്പൻ, ജില്ലാ സെക്രട്ടറി മധു പൊന്നൻ, സംസ്ഥാന രക്ഷാധികാരി ഇ.വി. കൃഷ്ണ പൊതുവാൾ, ബി.എം. കൃഷ്ണൻ നായർ, എ. ആമു, ബി.എ. ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.