കണ്ണൂർ:പ്രവൃത്തി പൂർത്തീകരിച്ച താഴെ ചൊവ്വ പുതിയ പാലം നാളെ നാടിന് സമർപ്പിക്കും.ഇപ്പോഴത്തെ പാലത്തിന്റെ ഒന്നര മീറ്റർ പടിഞ്ഞാറേക്ക് മാറിയാണ് പുതിയ പാലം.പാലം നിർമ്മാണ പ്രവൃത്തി പൂർത്തിയായതോടെ പുതിയ പാലത്തിലൂടെ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെയും നിലവിലുള്ള പാലത്തിലൂടെ തലശേരി,കൂത്തുപറമ്പ്,കാപ്പാട് ഭാഗത്തേക്കുള്ള വാഹനങ്ങളെയുമാണ് കടത്തി വിടും .കഴിഞ്ഞ വർഷം ഏപ്രിൽ 12നാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്.
1968 ലാണ് താഴെ ചൊവ്വ കാനാമ്പുഴക്ക് കുറുകെ പാലം നിർമ്മിച്ചത്.എന്നാൽ താഴെചൊവ്വയിൽ അനുബന്ധ റോഡുകൾ വർദ്ധിച്ചപ്പോൾ ഗതാഗത കുരുക്കും രൂക്ഷമായി ഇതോടെയാണ് വലിയ പാലം വേണമെന്ന ആവശ്യവും ഉയർന്നത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പദ്ധതി സമർപ്പിക്കപ്പെട്ടെങ്കിലും ഫയൽ ചുവപ്പ് നാടയിൽ കുരുങ്ങുകയായിരുന്നു.പിന്നീട് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്നാണ് ഒരു വർഷം മുമ്പ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത്.
ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുകയും കാസർകോടെ നിർമ്മാണ കമ്പനിയെ കരാർ ഏൽപ്പിക്കുകയും ചെയ്തു.പ്രവൃത്തി ഉടൻ ആരംഭിച്ചുവെങ്കിലും ടെൻഡറിൽ പങ്കെടുത്ത ചിലർ നടപടി സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടർന്ന് പ്രവൃത്തി നിലക്കുകയും ചെയ്തു.എന്നാൽ ടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണം തുടങ്ങിയതിനാൽ സാങ്കേതിക തടസ്സങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തി പുനഃരാരംഭിക്കുകയായിരുന്നു. കാസർകോട് സ്വദേശി എം.എസ് .അബ്ദുൾ ഹക്കീമാണ് കരാറുകാരൻ.നടപ്പാത ഉൾപ്പെടെ 9.80 മീറ്റർ വീതിയിലുള്ളതാണ് പാലം.നാളെ രാവിലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.