ശ്രീകണ്ഠപുരം: കെ എസ് ഇ ബി 6 6 കെ.വി സബ് സ്റ്റേഷൻ 110 കെവി സബ്സറ്റേഷനാക്കി ഉയർത്തുന്നതിനായി 29 മുതൽ അടച്ചിടുമെന്ന് കെ.എസ് ഇ.ബി ചീഫ് എൻജിനിയർ അഗസ്റ്റിൻ തോമസ് ശ്രീകണ്ഠപുരത്ത് പറഞ്ഞു. അഞ്ച് മാസത്തേക്കാണ് അടച്ചിടുന്നത്. ഇതോടെ സബ്സ്റ്റേഷൻ പരിധിയിൽ കടുത്ത വൈദ്യുതി നിയന്ത്രണം വരും.പുതിയ സബ് സ്റ്റേഷൻ യാഥാർത്ഥത്യമാവുംവരെ ഉപഭോക്താക്കൾ കെ.എസ് ഇ ബി ഒരുക്കുന്ന ബദൽ സംവിധാനവുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബദൽ സംവിധാനങ്ങൾ വിശദീകരിക്കാൻ നഗരസഭാ ഹാളിൽ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിലാണ് അധികൃതർ കാര്യകൾ വ്യക്തമാക്കിയത്. ശ്രീകണ്ഠപുരത്ത് 110 കെവി സബ്സ്റ്റേഷൻ വരുന്നതോടൊപ്പം തന്നെ ചെമ്പേരിയിലും പുതുതായി 110 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. ഇരു പ്രവൃത്തികളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ലൈൻ വലിക്കുന്നതിനായി റുട്ട് സർവ്വേ നടത്തി മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങിയിട്ടുണ്ട്.ശ്രീകണ്ഠപുരത്തേക്ക് കാഞ്ഞിരോട് നിന്നും വരുന്ന നിലവിലുള്ള 66 കെ വി ലൈനും അതിന്റെ ടവറുകളും പൂർണ്ണമായും അഴിച്ചുമാറ്റി പുതിയ 110 കെവി ലൈനും അതിന്റെ ടവറുകളും സ്ഥാപിക്കണം.
ഇതിനാണ് സബ് സ്റ്റേഷൻ അടച്ചിടുന്നത്.110 കെവി സബ് സ്റ്റേഷൻ ഒരുങ്ങുംവരെ ചെങ്ങളായി, വളകൈ, നിടുവാ ലൂർ, പെരിങ്കോ ന്ന് ,പരിപ്പായി, കൊയ്യം ഭാഗങ്ങളിൽ കരിമ്പം ഫീഡറിൽ നിന്നും ചുഴലി ഭാഗത്ത് നാടുകാണി ചെറിയൂർ ഫീഡറിൽ നിന്നും, ചെമ്പേരി നടുവിൽ ഫീഡറിൽ നിന്നും പയ്യാവൂർ ഇരിട്ടി സബ് സ്റ്റേഷനിലെ ഉളിക്കൽ ഫീഡറിൽ നിന്നും ഇരിക്കൂർ മട്ടന്നൂർ സബ് സ്റ്റേഷനിലെ വെളിയമ്പ്ര,മണ്ണൂർ ഫീഡറുകളിൽ നിന്നുമായും ശ്രീകണ്ഠപുരം സബ് സ്റ്റേഷനിലെ മറ്റ് ഭാഗങ്ങളിൽ കുറ്റിയാട്ടൂർ സബ് സ്റ്റേഷനിലെ മയ്യിൽ ഫീഡറിൽ നിന്നുമായി വൈദ്യുതി എത്തിക്കുമെന്ന് ശ്രീകണ്ഠപുരം സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ സി.കെ രതിഷ് വിശദീകരിച്ചു. വളരെ ദൂരെയുള്ള സബ് സ്റ്റേഷനുകളിൽ നിന്നും രണ്ടോ മൂന്നോ സെക്ഷൻ ഓഫീസുകൾ വഴി ഫുൾ ലോഡിൽ വൈദ്യുതി എത്തിക്കുന്നതിനാൽ വോൾട്ടേജ് കുറവ്, ഇടക്കിടെയുള്ള വൈദ്യുതി തടസ്സം എന്നി സംഭവിക്കാമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരായ രഞ്ജിത്ത് സി.ദേവ് ,ജോർജ് കുട്ടി എന്നിവർ വ്യക്തമാക്കി. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ പഞ്ചായത്തുകളിലെ ജന പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.