-sudhakaran

കണ്ണൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബി.ജെ.പിയെ പോലെ അഴിഞ്ഞാടാൻ കോൺഗ്രസിനാവില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു. എല്ലാ മതങ്ങളുടെയും വിശ്വാസം സംരക്ഷിക്കാൻ നിലകൊള്ളുന്നവരാണ് കോൺഗ്രസ്. സംസ്ഥാനത്ത് പൊലീസ് രാജാണ് നടക്കുന്നത്. അടിയന്തരാവസ്ഥയിൽ പോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ല. നാമം ജപിക്കുന്നവർ കുടുംബിനികളാണ്. അവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത് ശരിയല്ല. ശബരിമലയിൽ 1500 സഖാക്കളെ നിയോഗിക്കാനാണ് നീക്കം. ഇവിടെ എംപ്ലോയിമെന്റ് വഴി നിയമനം നടത്തണം. അല്ലെങ്കിൽ ടി.പിയെ കൊന്ന ക്രിമിനലുകൾ ഉൾപ്പെടെ സ്‌പെഷ്യൽ പൊലീസായി വരും.

സർക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവന ഫെഡറലിസത്തിനെതിരാണെന്നും സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചത് അപലപനീയമാണെന്നും സുധാകരൻ പറഞ്ഞു. എന്നാൽ അക്രമത്തിനു പിന്നിൽ ചില ദുരൂഹതകളുണ്ട്. രാഹുലിനെ നേരത്തേ തന്നെ സി.പി.എം ലക്ഷ്യമിട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങാണിത്. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.