ചീമേനി: തോട്ടുവാളിയിൽ വാടകവീട്ടിൽ താമസിക്കുന്ന സൈനബയും കുടുംബവും കരുണവറ്റാത്തവരുടെ സഹായത്തിനായി കാത്തിരിക്കുകയാണ്. നാലു സെന്റ് ഭൂമിയിലുണ്ടായിരുന്ന ചെറിയൊരു വീട് കാറ്റിലും മഴയിലും തകരുകയായിരുന്നു.
മൂന്ന് പെൺമക്കളായിട്ടും അല്ലലില്ലാതെ കഴിയുന്നതിനിടയിൽ രണ്ടാമത്തെ മകൾ സമീനയ്ക്ക് 13 -ാം വയസ്സിൽ ബാധിച്ച എല്ല് വളർച്ചയെന്ന അസുഖമാണ് ഈ നിർദ്ധന കുടുംബത്തിന്റെ ജീവിതം താളംതെറ്റിച്ചത്. അസഹനീയ വേദനയും കൈയനക്കാൻ സാധിക്കാത്തതിനാലും എട്ടാം ക്ലാസ്സിൽ പഠിത്തം നിർത്തിയ സമീന 11 വർഷമായി ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ വേദന കടിച്ചമർത്തി കഴിയുകയാണ്. നടുവിന് അസുഖമുള്ള അമ്പതുവയസ്സായ ഉമ്മ വീട്ടിൽ തന്നെയായതോടെ കുടുംബം അധികവും പട്ടിണിയിലും. മൂത്തമകൾ ഹസീന വിവാഹം കഴിച്ചതിനുശേഷവും ഇവർക്കൊപ്പം തന്നെയാണ് താമസം.ഹസീനയും 13 വയസ്സ് മാത്രം പ്രായമുള്ള ഹസ്നയും വീട്ടുവേലചെയ്താണ് കുടുംബം പുലർത്തുന്നത്. ഏഴാം ക്ലാസ് വരെ മികച്ചനിലയിൽ പഠിച്ചവളാണ് ഹസ്ന.മൂന്ന് ഓപ്പറേഷൻ കഴിഞ്ഞിട്ടും സമീനയുടെ വേദനയും അസുഖവും മാറ്റമില്ലാത്തിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം വെല്ലൂരിൽ എത്തിയെങ്കിലും അസുഖം പൂർണ്ണമായും മാറാൻ ചികിത്സയ്ക്കായി 3 ലക്ഷം രൂപയോളം ചിലവാകും. സുമനസുകളുടെ സഹായത്തിനായി കാക്കുകയാണ് ഈ കുടുംബം. ചീമേനി എസ്.ബി.ഐയിലെ സമീനയുടെ അക്കൗണ്ട് നമ്പർ 38029774164. IFSC Code SBIN0014887. ഫോൺ 9495346286, 9400891765, 9544466668.