തൃക്കരിപ്പൂർ: നടക്കാവിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുമായി ചർച്ച ചെയ്യുന്നതിന് സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ഡി. സജിത്ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ തുടങ്ങിയവർ സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചുപോയി.
പഞ്ചായത്തിലെ ഉപയോഗ ശൂന്യമായ മുഴുവൻ പ്ലാസ്റ്റിക് ഉത്പന്നങ്ങളും ശേഖരിച്ച് പുനരുപയോഗത്തിന് തയ്യാറാക്കുന്ന സംസ്കരണ യൂനിറ്റ് സ്ഥാപിക്കാനായി മൂന്നു വർഷങ്ങൾക്ക് മുമ്പാണ് നടക്കാവ് വലിയകൊവ്വൽ മൈതാനത്തിനു സമീപം കെട്ടിടം പണി തുടങ്ങിയത്. എന്നാൽ കടുത്ത പരിസ്ഥിതി പ്രശ്നം ഉണ്ടാകുമെന്ന് ആരോപിച്ച് നടക്കാവ് കോളനിയിലെയും പരിസരങ്ങളിലെയും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കെട്ടിടം പണി പാതിവഴിയിൽ നിലച്ചു.
നാട്ടുകാരുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാനാണ് ജില്ല കളക്ടർ ഇന്നലെ നടക്കാവിലെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കളക്ടറും സംഘവും സ്ഥലം സന്ദർശിച്ച ശേഷം തിരിച്ചുപോയി. പ്രശ്നം വീണ്ടും നവംബർ ഒൻപതിന് കളക്ടറുടെ ചേമ്പറിൽ ചർച്ച നടത്തും.
ജനപ്രതിനിധികളായ വി.കെ ബാവ, പി. കുഞ്ഞമ്പു, പി. തമ്പാൻ നായർ, ബ്ളോക്ക് പഞ്ചായത്തംഗം സി. രവി, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.