കാസർകോട്: മംഗളൂരു വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ കാസർകോട് സ്വദേശി അടക്കമുള്ള സംഘത്തിന് ഒത്താശ നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കസ്റ്റംസ് ഹവിൽദാർ മംഗളൂരു സ്വദേശി എൻ.വി അശ്വിൻ പൂജാരി (34)യെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റുചെയ്തത്.
ഈ കേസിൽ നേരത്തെ കസ്റ്റംസ് ഹവിൽദാർ ഉത്തര കന്നഡ സ്വദേശി ശ്രീകാന്ത്(38), കാസർകോട് മുള്ളേരിയയിലെ അബ്ദുൽഖാദർ(32), അക്ബർ സിദ്ദിഖ് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വർണം കടത്തുന്നതായുള്ള വരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 21ന് മംഗളൂരു രാജ്യാന്തര വിമാനതാവളത്തിൽ നടത്തിയ പരിശോധനക്കിടെ അബ്ദുൽഖാദറിൽ നിന്ന് 47 ലക്ഷം രൂപ വിലവരുന്ന 1515.270 ഗ്രാം സ്വർണം പിടികൂടിയിരുന്നു. അബ്ദുൽഖാദറിനെ ചോദ്യം ചെയ്പ്പോഴാണ് സംഘത്തിൽപെട്ട അക്ബർ സിദ്ദിഖിനെക്കുറിച്ചും സ്വർണ്ണക്കടത്തിന് ഒത്താശ നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ കുറിച്ചും വിവരം കിട്ടിയത്.