കണ്ണൂർ: രാഷ്ട്രീയം വരുമാനമാർഗമായി കാണരുതെന്നും തൊഴിലിനൊപ്പം രാഷ്ട്രീയ പ്രവർത്തനം കൊണ്ടുപോവുന്നതാണ് അഭികാമ്യമെന്നും ജില്ലാ ഭരണകൂടം നടത്തിയ ടേക്കോഫ് കരിയർ മാസത്തിന്റെ സമാപന ഞായറിൽ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായം.
മുഴുവൻ സമയ പ്രവർത്തകർക്ക് ജീവിക്കാൻ പാർട്ടിയിൽ നിന്ന് പ്രതിഫലം കൈപ്പറ്റാം. അല്ലെങ്കിൽ അഴിമതിയുണ്ടാകും. കോർപറേറ്റുകൾക്ക് പണം നിക്ഷേപിക്കാനുള്ള ഇടമായി ജനാധിപത്യം മാറിയാൽ അത് പണാധിപത്യത്തിന് വഴിമാറുമെന്നും അഭിപ്രായമുയർന്നു.
രാഷ്ട്രീയത്തിൽ മതം കലർത്തുന്നത് രാജ്യത്തിന്റെ ജനാധിപത്യ മതേതര സങ്കൽപ്പങ്ങളെ അപകടപ്പെടുത്തുമെന്ന അഭിപ്രായത്തിന് എല്ലാവരും ഇതുചെയ്യുന്നുണ്ടെന്ന മറുവാദവും ഉയർന്നു. രാഷ്ട്രീയത്തിൽ വനിതകളുടെ ഇടപെടലുകളും ചർച്ചയായി. രാജ്യത്തും സംസ്ഥാനത്തും വനിതകൾക്കുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനാകണം. അതേസമയം തുല്യനീതി നടപ്പാക്കാൻ ശ്രമിക്കുമ്പോഴും അവരെ അശുദ്ധിയുടെ പേരിൽ മാറ്റി നിർത്തുകയാണെന്നും വാദമുയർന്നു.
കാമ്പസ് രാഷ്ട്രീയം, ഹർത്താൽ, രാഷ്ട്രീയ നേതൃത്വത്തിന്റെ അക്കാഡമിക നിലവാരം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നേതാക്കൾ മറുപടി പറഞ്ഞു. ക്ലാസ് മുറിയിലെ എ പ്ലസ് വിദ്യാഭ്യാസത്തിലല്ല കാര്യമെന്നും ചുറ്റുമുള്ള സമൂഹത്തിൽ നിന്നും ലഭിക്കുന്ന അറിവുകളാണ് രാഷ്ട്രീയത്തിൽ പ്രധാനമെന്നും ഒാർമ്മപ്പെടുത്തി കളക്ടർ ചർച്ച അവസാനിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സബ് കളക്ടർ എസ്. ചന്ദ്രശേഖർ, അസിസ്റ്റന്റ് കളക്ടർ അർജുൻ പാണ്ഡ്യൻ, ഡി.പി.എം. മിഥുൻ കൃഷ്ണ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ടേക്കോഫ് പരിപാടിയുടെ ഭാഗമായി ഒക്ടോബറിലെ ആദ്യ മൂന്നു ഞായറാഴ്ചകളിൽ പ്രതിരോധം, സംരംഭകത്വം, സിവിൽ സർവീസ് എന്നീ വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു.