കണ്ണൂർ: നിർദ്ദിഷ്ട കോസ്റ്റ് ഗാർഡ് അക്കാഡമി പ്രവർത്തനം തുടങ്ങുന്നില്ലെങ്കിൽ ഏറ്റെടുത്ത സ്ഥലം തിരിച്ചുനൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. തറക്കല്ലിട്ട് ഏഴുവർഷം കഴിഞ്ഞിട്ടും ഒരിഞ്ച് മുന്നോട്ടുപോകാത്ത അക്കാഡമിയുടെ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാർ നേരത്തെതന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
കേരളം കേന്ദ്രത്തോട് അവഗണന തുടരുന്ന സാഹചര്യത്തിൽ അക്കാഡമി യാഥാർഥ്യമാകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഈ സ്ഥലം തിരിച്ചുകിട്ടിയാൽ വ്യവസായ വകുപ്പിന് നിരവധി പദ്ധതികൾ തുടങ്ങാൻ ആലോചനയുണ്ട്.
സംസ്ഥാനസർക്കാർ വിട്ടുനൽകിയ കിൻഫ്രയുടെ സ്ഥലത്ത് കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കാനുള്ള മുൻതീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്റി പിണറായി വിജയൻ കത്ത് നൽകിയെങ്കിലും കേന്ദ്രസർക്കാർ മറുപടി തന്നിട്ടില്ല.
ഇരിണാവ്, മടക്കര പ്രദേശത്തെ 164 ഏക്കർ സ്ഥലമാണ് കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി ഏറ്റെടുത്തത്. താപനിലയവും സിമന്റ് പ്ളാന്റും സ്ഥാപിക്കാൻ സ്വകാര്യകമ്പനി വാങ്ങിയ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രതിരോധമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. തറക്കല്ലിടുമ്പോൾ മതിപ്പുചെലവ് കണക്കാക്കിയത് 600 കോടി രൂപ. ഏഴിമല നാവിക അക്കാഡമി, അഴീക്കൽ തുറമുഖം, കണ്ണൂർ വിമാനത്താവളം എന്നിവയുടെ സാമീപ്യം കൂടി കണ്ടാണ് ഇവിടെ സ്ഥലം കണ്ടെത്തിയത്.
അതിനിടെ കേരളത്തിന് ആവശ്യമില്ലെങ്കിൽ തങ്ങൾ ഏറ്റെടുക്കാമെന്ന് അറിയിച്ച് കർണാടക സർക്കാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും അതിലും നടപടിയായില്ല.
മംഗലാപുരത്തെ ബൈക്കമ്പാടിയിലോ ബംഗ്ളൂരിലോ 160 ഏക്കർ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് കർണാടകം കേന്ദ്രത്തെ അറിയിച്ചിരുന്നു.കിൻഫ്രയുടെ പക്കലുണ്ടായിരുന്ന 164 ഏക്കർ സ്ഥലം വിട്ടുനൽകിയതിനു പുറമെ 60 കോടിയോളം രൂപ പശ്ചാത്തല സൗകര്യത്തിനായി ചെലവഴിക്കുകയും ചെയ്ത ശേഷമാണ് കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ.
പരിസ്ഥിതി ലോലപ്രദേശമായി പരിഗണിക്കപ്പെടുന്ന സ്ഥലമാണിതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നില്ല. കണ്ടൽകാടുകളുണ്ടായിരുന്ന ചതുപ്പുനിലം മണ്ണിട്ടുനികത്തിയാണ് അക്കാഡമിക്കായി ഇവിടെ ഒരുക്കം തുടങ്ങിയിരുന്നത്.