കണ്ണൂ‌ർ: ശബരിമല വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും കാട്ടുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. പുഴാതി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിഭജിച്ച് ഇടച്ചേരി, കക്കാട് മണ്ഡലങ്ങൾ രൂപീകരിച്ച ശേഷം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടച്ചേരി മണ്ഡലം പ്രസിഡന്റായി സി. മോഹനനും കക്കാട് മണ്ഡലം പ്രസിഡന്റായി മണീശനുമാണ് ചുമതലയേറ്റത്. സി.കെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ഭാരവാഹികളായ സി.വി. സന്തോഷ്, സുരേഷ് ബാബു എളയാവൂർ, കൂക്കിരി രാജേഷ്, എൻ. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. രഹേഷ് കൊറ്റാളി സ്വാഗതവും എ. സ്വരാജ് നന്ദിയും പറഞ്ഞു.