പാനൂർ: കുന്നോത്ത്പറമ്പിൽ കോൺഗ്രസ് ഓഫീസും വി. അശോകൻ മാസ്റ്റർ സ്മാരക വായനശാലയും തീവെച്ച് നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അക്രമികൾ പൂട്ടുപൊളിച്ച് തീ കൊടുത്തത്. ചുമരുകൾക്കും മേൽക്കൂരയ്ക്കും കേടു സംഭവിച്ചതിന് പുറമേ മുപ്പതോളം കസേരകൾ, രണ്ട് റീഡിംഗ് മേശകൾ, 50 പതാകകൾ, കാരം ബോർഡ്, റിക്കോർഡുകൾ എന്നിവയും കത്തി. വിവരമറിഞ്ഞെത്തിയ കൊളവല്ലൂർ പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കോൺക്രീറ്റിൽ സ്ഥാപിച്ച ഇരുമ്പിന്റെ കൊടിമരം നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസും പങ്കില്ലെന്ന് സി.പി.എമ്മും പ്രതികരിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് കുന്നോത്ത്പറമ്പിൽ ഇന്നലെ കോൺഗ്രസ് കടകളടച്ച് ഹർത്താൽ ആചരിക്കുകയും വൈകിട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.