വെള്ളരിക്കുണ്ട്: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി ഗതാഗതവകുപ്പിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഇതിനായി പുതിയതായി 53 എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ ആരംഭിക്കും. വെള്ളരിക്കുണ്ട് താലൂക്കിൽ അനുവദിച്ച സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.റോഡ് അപകടങ്ങളുടെ എണ്ണം 2020 നകം നിലവിലുള്ളതിനേക്കാൾ പകുതിയായി കുറയ്ക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 4100 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. ഇതിൽ 80 ശതമാനം പേരും 16 - 32 വയസ് പ്രായപരിധിയിലുള്ളവരാണ്. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലുള്ള അലംഭാവമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.ഇവർക്കുള്ള പിഴ വർധിപ്പിക്കും.ശരിയായ രീതിയിലുള്ള പരിശീലനം ലഭിക്കാത്ത ഡ്രൈവർമാരും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
പഴയ രീതിയിലുള്ള ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും ഇനി അനുവദിക്കില്ല. ആധുനിക രീതിയിലുള്ള യന്ത്രസംവിധാനം ഉപയോഗിച്ചാകും ഇനി ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നാല് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകൾ ആരംഭിച്ചു കഴിഞ്ഞു. നാലു സെന്ററുകൾ ഉടൻ ആരംഭിക്കും.
സ്കൂൾ ബസുകളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തുന്നതിന് അനുവദിച്ചിരുന്ന പരമാവധി കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. ജി.പി.എസ് ഘടിപ്പിക്കാത്തവർക്ക് ഒന്നാം തീയതിമുതൽ നോട്ടീസ് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.