കാഞ്ഞങ്ങാട്: റവന്യൂ വകുപ്പ് കൈമാറുന്ന 100 ഏക്കർ ഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വ്യവസായ പാർക്ക് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
ഉദുമ ടെക്സ്റ്റയിൽ മില്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. നിക്ഷേപകർ ഭയപ്പെടേണ്ടതില്ല. നിക്ഷേപം സുരക്ഷിതമായിരിക്കും. പിണറായിയിൽ അത്യാധുനിക ടെക്സ്റ്റയിൽ കേന്ദ്രം സ്ഥാപിക്കും. പ്രതിദിനം 18,000 മീറ്റർ തുണി ഇവിടെ ഉത്പാദിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വ്യാവസായിക ഉത്പാദന വർധനയ്ക്കും അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിനുമുള്ള നടപടികളും സർക്കാർ സ്വീകരിക്കും. പൂട്ടിക്കിടക്കുന്ന മുഴുവൻ കൈത്തറി യൂണിറ്റുകളും പ്രവർത്തനക്ഷമമാക്കും.സ്കൂൾ കുട്ടികൾക്കാവശ്യമായ യൂണിഫോമിന്റെ 35 ശതമാനം മാത്രമേ ഖാദി മേഖലയിൽ നിന്ന് ലഭിക്കുന്നുള്ളു. അടുത്തവർഷം സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ മുഴുവൻ യൂണിഫോമും ഖാദി മേഖലയിൽ ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. കൈത്തറി മേഖലയിൽ നിയമാനുസൃതം നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലിപോലും ലഭിക്കുന്നില്ല. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമൻ എം.എൽ.എ സ്വാഗതവും കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ സി.ആർ വത്സൻ നന്ദിയും പറഞ്ഞു. പി. കരുണാകരൻ എം.പി മുഖ്യാതിഥിയായിരുന്നു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രഡിന്റ് എ.ജി.സി ബഷീർ, ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു, മുൻ എം.എൽ.എ:കെ.വി കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ഉദുമ, പള്ളിക്കര, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.