കാസർകോട് : പാലക്കുന്ന് കോട്ടിക്കുളം സിറ്റി സെന്റർ കെട്ടിടത്തിൽ യുവാവിന് നേരെ വെടിവെപ്പു നടത്തി ഗൾഫിലേക്ക് മുങ്ങിയ കോട്ടിക്കുളം കോടി റോഡ് കപ്പണക്കാലിലെ കോലാച്ചി നാസർ എന്ന അബ്ദുൾ നാസറിനെ (37) ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂൺ 24ന് രാത്രി 10.30 മണിക്ക് പാലക്കുന്ന് മൂകാംബിക ജ്വല്ലറിക്ക് സമീപത്ത് വച്ച് പാലക്കുന്നിലെ മുഹമ്മദിന്റെ മകൻ ഷിബിൻ ഫയാസി (20) നെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ നാസർ. സംഭവത്തിന് ശേഷം ബംഗളൂരു വഴി ദുബായിലേക്ക് കടന്ന നാസറിനെ ദുബായ് വിമാനത്താവളത്തിൽ പിടികൂടിയെങ്കിലും നിയമ പ്രശ്നത്തിന്റെ പേരിൽ വിട്ടയച്ചിരുന്നു.
അടുത്തിടെ ഗൾഫിൽ നിന്നും നാസർ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് നാസറിനെ തിങ്കളാഴ്ച രാവിലെ ബേക്കൽ എസ്.ഐ കെ.പി.വിനോദ്കുമാറും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. പ്രതിയെ വൈകീട്ടോടെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വധശ്രമത്തിനും ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനുമാണ് നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കൽ പൊലീസ് കേസെടുത്തത്.