കാഞ്ഞങ്ങാട്: പരിപാവനമായി കാണുന്ന സന്നിധാനം മൂത്രമൊഴിച്ച് അശുദ്ധമാക്കുമെന്ന് പറഞ്ഞാൽ ഇടതുപക്ഷ സർക്കാറിന് നോക്കി നിൽക്കാൻ കഴിയില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഈശ്വറിനെ പോലുള്ള അരക്കിറുക്കൻമാർക്കും മുഴുകിറുക്കൻമാർക്കും മൂത്രമൊഴിച്ചും രക്തമൊഴുക്കിയും അശുദ്ധമാക്കാനുള്ളതല്ല ശബരിമല എന്നും അദ്ദേഹം പറഞ്ഞു.
മകരവിളക്ക്, വിഷുവിളക്ക്, മണ്ഡലപൂജ തുടങ്ങിയ മൂന്ന് സമയങ്ങളിൽ ഒഴികെ സ്ത്രീകൾ ഇതിന് മുമ്പും നിരവധി തവണ ശബരിമല സന്ദർശിച്ചിട്ടുണ്ടെന്ന് ദേവസ്വം കമ്മീഷണർ തന്നെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
മുൻ മന്ത്രി സി.കെ നാണു എം.എൽ.എ, പി. കരുണാകരൻ എം.പി, എം.രാജഗോപാലൻ എം.എൽ.എ, ബങ്കളം.പി. കുഞ്ഞികൃഷ്ണൻ, ടി. കൃഷ്ണൻ, എ.കെ ശങ്കരൻ, സി.വി ദാമോദരൻ, ജ്യോതി ബസു, എ.വി രാമകൃഷ്ണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.