uru

കണ്ണൂർ: അഴീക്കൽ സുൽക്ക യാർഡിൽ അണിഞ്ഞൊരുങ്ങിയ ജലറാണി നാളെ റഷ്യയിലേക്ക്‌ പോകും. ഡോ. തളങ്കര അബ്ദുൾ ഹക്കീമിന്റെയും നൂറോളം ജോലിക്കാരുടെയും നാലു വർഷത്തെ അദ്ധ്വാനമാണ് ഈ ജലറാണി. ഹക്കീമിന്റെ കണക്കുപുസ്തകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഉരു. റഷ്യയിലെ ഒരു മറൈൻ കമ്പനിക്കുവേണ്ടി 15 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇത്‌ ഒരു പക്ഷേ,​ ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഉരുവായിരിക്കും.

തലമുറകളായി പകരുന്ന സുകൃതമാണ് കാസർകോട് ജില്ലക്കാരായ തളങ്കര ഹക്കീമിനും കുടുംബത്തിനും ഉരു നിർമ്മാണം. 500 വർഷമായി തുടരുന്ന ഉരുനിർമ്മാണം പത്താം തലമുറയിൽ എത്തിനിൽക്കുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ ഉരു നിർമ്മാണം അന്യം നിന്നതോടെ പ്രതാപം ഉയർത്തിപ്പിടിച്ചത് സുൽക്ക കമ്പനി മാത്രമാണ്. ഹക്കിം നിർമ്മിച്ചു നൽകിയ ഉരു ലോകത്തിന്റെ പല ഭാഗത്തും കറങ്ങുന്നതിനിടെയാണ്, കരവിരുതും ആധുനിക സാങ്കേതിക വിദ്യയും കൈകോർത്ത ആഡംബര വിസ്മയം നീറ്റിലിറങ്ങുന്നത്.

70 അടി നീളം, 25 അടി വീതി. ഉരുവിന്റെ അടിത്തട്ടിൽ മൂന്ന് കിടപ്പുമുറികൾ. അടുക്കള, ഡൈനിംഗ് ഹാൾ, ലിവിംഗ് റൂം, മൂന്ന് ടോയ്ലറ്റുകൾ എന്നിവയും പൂർണമായും ശീതീകരിച്ച ഉരുവിൽ ഒരുക്കിയിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് നിർമ്മാണം.

ഭാര്യ റസീനയും മകൻ സുഹൈലും ഉരു നിർമ്മാണത്തിൽ ഹക്കീമിനൊപ്പമുണ്ട്. മറൈൻ ഡിസൈനിംഗിൽ പ്രാവീണ്യം നേടിയ ഹക്കീം മകനെ നേവൽ ആർക്കിടെക്ടിൽ ബിരുദമെടുപ്പിച്ചതും പിന്മുറക്കാരനെന്ന നിലയിലാണ്.

വർഷങ്ങൾ നീണ്ട അദ്ധ്വാനത്തിനൊടുവിൽ ഉരു നീറ്റിലിറങ്ങിയെങ്കിലും ഹക്കീമിനും കുടുംബത്തിനും വിശ്രമമില്ല. ദുബായിൽ നിന്നുള്ള ഓർഡർ പ്രകാരമുള്ള ഉരു നിർമ്മാണം തുടങ്ങിയിരിക്കയാണ്.

ഉരു ചരിതം

ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്ന വലിയ ബോട്ടാണ് ഉരു. ഉരുപ്പടി ലോപിച്ചാണ് ഉരു ആയത്. ഇപ്പോൾ ആഡംബര നൗകയായാണ് ഇവ ഇറങ്ങുന്നത്. പേര് ഉരു എന്നുതന്നെ. കപ്പലിനും ബോട്ടിനും ഇടയിൽ കടൽസഞ്ചാരത്തിന് ഉപയോഗിക്കുന്ന വാഹനം എന്നു പറയാം. കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ് ഉരു നിർമ്മാണം. ബേപ്പൂർ കഴിഞ്ഞാൽ നിർമ്മാണത്തിൽ പ്രസിദ്ധം കണ്ണൂരിലെ അഴീക്കലാണ്. വിവിധ മരങ്ങൾ കൊണ്ടാണ് ഇതു പണിയുക. മാപ്പിള ഖലാസികൾ ഉരുനിർമ്മാണത്തിൽ പ്രശസ്തരാണ്.