മട്ടന്നൂർ: ഉദ്ഘാടനത്തിന് 38 ദിവസം അവശേഷിക്കേ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും യാത്രക്കാരിറങ്ങി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജയുമാണ് ഇന്നലെ വിമാനമിറങ്ങിയത്. കൊച്ചിൻ ഷിപ്പ് യാർഡിലെ പരിപാടിക്ക് ശേഷം നാവികസേനയുടെ വിമാനത്തിലാണ് നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയുമെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 4.10ഓടെ കൊച്ചിയിൽ നിന്നാണ് ഇരുവരും നോൺ ഷെഡ്യൂൾഡ് വിമാനത്തിൽ കണ്ണൂരിലെത്തിയത്. മുഖ്യമന്ത്രിക്കായി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ഇതിനു മുൻപ് 3.15 ഓടെ മന്ത്രി കെ.കെ.ശൈലജയുമെത്തി. തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനാണ് മൂവരുമെത്തിയത്.

ഏപ്രണിൽ ഇറങ്ങി ഫയർസ്റ്റേഷൻ ഭാഗത്തെ ഗേറ്റ് വഴിയാണ് നിതിൻ ഗഡ്കരിയും പിണറായി വിജയനും തലശ്ശേരിയിലേക്ക് തിരിച്ചത്. വൈകീട്ട് 6.30ഓടെ തിരിച്ചെത്തി മുഖ്യമന്ത്രിയും മന്ത്രി ശൈലജയും തിരുവനന്തപുരത്തേക്കും ഗഡ്കരി നാഗ്പൂരിലേക്കും മടങ്ങി. സി.കെ. പദ്മനാഭൻ ഉൾപ്പടെയുള്ള നേതാക്കളെ ടെർമിനലിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി. നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, കെ. രഞ്ജിത്ത്, ബിജു ഏളക്കുഴി തുടങ്ങിയവരും എത്തിയിരുന്നു. സി.പി.എം. നേതാക്കളായ പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു, നഗരസഭാദ്ധ്യക്ഷ അനിതാ വേണു തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. കളക്ടർ മിർ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം തുടങ്ങിയവരും വിമാനത്താവളത്തിലെത്തി. പൊലീസും പ്രത്യേക കമാൻഡോ സംഘവും കനത്ത സുരക്ഷ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.