പാനൂർ: വാഗ്ഭടാനന്ദ ഗുരുദേവ വിലാസം വായനശാലയിൽ ഗുരുദേവ സമാധി ദിനത്തിൽ വാഗ്ഭടാനന്ദ പൗർണ്ണമി ആചരണവും വാഗ്ഭടാനന്ദ ജ്ഞാന പുരസ്‌കാര സമർപ്പണവും നടന്നു. മുതിയങ്ങ ശങ്കരവിലാസം യു.പി. സ്‌കൂളിലെ അഭിനവും കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിലെ എം. അഞ്ജിതയുമാണ് ജേതാക്കൾ. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പുരസ്‌കാരം നല്കി. വനിത വായന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ എ.പി. ജയലക്ഷ്മി, വി.പി. പ്രജീഷ എന്നിവരെ അനുമോദിച്ചു. ടി.സി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പട്ട്യേരി കുഞ്ഞികൃഷ്ണൻ അടിയോടി, വായനശാല പ്രസിഡന്റ് എ.കെ. വിജയൻ എന്നിവർ സംസാരിച്ചു. കെ. സുധാകരൻ സ്വാഗതവും കെ.പി.ജി. ഗിഷ് നന്ദിയും പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ തുല്യത നിഷേധിക്കരുത്: എം.എം. മണി
പാനൂർ: സാമൂഹ്യ പരിഷ്‌കരണത്തിൽ നിന്നും പിന്നോട്ടില്ലെന്നും വിശ്വാസത്തിന്റെ പേരിൽ തുല്യത നിഷേധിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി എം.എം. മണി പറഞ്ഞു. പാത്തിപ്പാലത്ത് ഐ.വി. ദാസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർ 'സതി' നിരോധിച്ചപ്പോൾ എഴുപതിനായിരത്തോളം സ്ത്രീകൾ സംഘടിച്ചിരുന്നു. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഈഴവരാദി പിന്നാക്കക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലാത്ത കാലത്തായിരുന്നു. പാടില്ലെന്ന് സവർണ്ണർ വാദിച്ചപ്പോൾ നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നായിരുന്നു ഗുരുവിന്റെ മറുപടി. സർക്കാർ കോടതി വിധി നടപ്പാക്കും. വിശ്വാസത്തിന്റെ പേരിൽ സമാധാനം തകർക്കാനാണ് ശ്രീധരൻപിള്ള ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.ഇ. കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ദേശാഭിമാനി റീഡേഴ്‌സ് ഫോറം ദുബൈ ഏർപ്പെടുത്തിയ ഐ.വി. ദാസ് എൻഡോവ്മെന്റ് പ്രൊഫ. എം.എം. നാരായണൻ മന്ത്രിയിൽ നിന്നും സ്വീകരിച്ചു. ജയരാജൻ, എം. സ്വരാജ്, പി. ഹരീന്ദ്രൻ, കെ.കെ. പവിത്രൻ, എൻ. അനൂപ് എന്നിവർ സംസാരിച്ചു.