തലശേരി: പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 450 കോടി രൂപ നൽകുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പ്രഖ്യാപിച്ചു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 603 കോടി നൽകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എരഞ്ഞോളിയിൽ തലശ്ശേരി-മാഹി നാലുവരി ദേശീയ പാത ബൈപ്പാസ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണം, പാലക്കാട് നാട്ടുകാൽ മുതൽ താണാവ് വരെയുള്ള രണ്ടു വരിപ്പാത വിപുലീകരണം എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ ഇരുവരും നിർവഹിച്ചു.
തലപ്പാടി മുതൽ ചെങ്കളവരെ ദേശീയപാത വികസനത്തിന് 3000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകും. വകുപ്പ് സെക്രട്ടറിയുടെ എതിർപ്പ് മറികടന്നാണ് ഇത് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയാണ് വികസനമെന്നും സംസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടു പോവുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ജലപാതയ്ക്കും കേന്ദ്രസഹായം: മുഖ്യമന്ത്രി
തലശേരി: തിരുവനന്തപുരം മുതൽ ബേക്കൽ വരെയുള്ള നിർദ്ദിഷ്ട ദേശീയ ജലപാതയ്ക്ക് കേന്ദ്ര സഹായം മന്ത്രി നിധിൻ ഗഡ്കരി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രളയ റോഡുകളുടെ പുനർനിർമാണത്തിനായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് നേരത്തേ നൽകിയ 250 കോടിക്കു പുറമെ 450 കോടി അനുവദിച്ച കേന്ദ്ര മന്ത്രിക്ക് കേരള ജനതയുടെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങൾ കാരണം ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു. ചില കാരണങ്ങളാൽ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താനായി.