പേരാവൂർ: മലയോരത്ത് കാട്ടുപന്നികൾ കർഷകർക്ക് ദുരിതമാകുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഇവ കൃഷി നശിപ്പിക്കുന്നത്. പേരാവൂർ ഗ്രാമപഞ്ചായത്ത് തിരുവോണപ്പുറം ഒൻപതാം വാർഡിൽ പേരാവൂർ ബി.എഡ്. കോളേജിനു സമീപം തളിർ ജെ.എൽ.ജി. ഗ്രൂപ്പ് കൃഷി ചെയ്ത ചേമ്പ്, മരച്ചീനി, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കൂർക്ക എന്നിവയാണ് നശിപ്പിച്ചത്. അയ്യായിരത്തോളം രൂപ ചെലവഴിച്ച് നെറ്റ് കെട്ടിയിട്ടുണ്ടെങ്കിലും അതും തകർത്താണ് ഇവ കൃഷിയിടത്തിലേക്ക് എത്തുന്നത്. അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
കേളകം: ചുങ്കക്കുന്ന് ടൗണിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികളായ ട്വിൻസ്, സുനി എന്നിവർക്കും അമ്പാത്തോട് സ്വദേശിയായ ചെല്ലന്തറ ജസ്റ്റിൻ, ജോർജ്ജ് എന്നിവർക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജസ്റ്റിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.