കാഞ്ഞങ്ങാട്: ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം സി.പി.എം നടത്തുന്നത് വിശദീകരണമല്ലെന്നും വക്രീകരണമാണെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. ശബരിമല ആചാരങ്ങൾ അട്ടിമറിക്കുന്ന പിണറായി സർക്കാരിനെതിരെ ബി.ജെ.പി കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്റലിജൻസ് പുലമ്പുന്നതനുസരിച്ച് പ്രവർത്തിക്കുന്നവരാണ് സംസ്ഥാനം ഭരിക്കുന്നത്. ഉൾവസ്ത്രങ്ങളുടെ കണക്കെടുപ്പ് പരിശോധനാ സംവിധാനം ഉണ്ടെങ്കിൽ കാക്കിയുടുത്തവന്റെ മനസും പരിശോധിക്കേണ്ടിവരും. തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിക്കാനാണ് ഭാവമെങ്കിൽ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ശമ്പളം പറ്റുന്ന കാക്കിയുടുത്തവന്റെ അടിവസ്ത്രം പരിശോധിക്കാൻ ഭക്തർ തയ്യാറാകേണ്ടിവരും.
ക്ഷേത്രത്തിലെ പണത്തിലാണ് സർക്കാരിന് കണ്ണ്. അത് പിടിച്ചെടുക്കാനാണ് വ്യഗ്രത കാണിക്കുന്നത്. ഭഗവാന്റെ കാണിക്കവഞ്ചിയിൽ ഭക്തർ പണം നിക്ഷേപിക്കരുത്. ഇഷ്ടദേവന് മറ്റുമാർഗങ്ങളിലൂടെ നമുക്ക് പണം ചിലവൊഴിക്കാൻ സാധിക്കും. സുപ്രിംകോടതി ജഡ്ജ് ഇങ്ങനെയൊരു വിധി പ്രസ്താവിച്ചത് ഹിന്ദു സമൂഹത്തിന്റെ ചിന്തയെ ഉണർത്താൻ വേണ്ടിയാണ്. രാക്ഷസൻമാർ ഒരിക്കലും വിജയിച്ച ചരിത്രമില്ലെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എൻ.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായക്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ, ജില്ലാ ജന.സെക്രട്ടറി എ.വേലായുധൻ, സെക്രട്ടറിമാരായ എം.ബൽരാജ്, ശോഭന ഏച്ചിക്കാനം, വി. കുഞ്ഞിക്കണ്ണൻ ബളാൽ, കിസാൻ മോർച്ച ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണൻ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, എൻ.പി.ശിഖ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ജന. സെക്രട്ടറിമാരായ മനുലാൽ മേലത്ത് സ്വാഗതവും കെ. പ്രേംരാജ് നന്ദിയും പറഞ്ഞു.